ഡൽഹിയിൽ ആറായിരം കോടിയിലേറെ രൂപയുടെ ലഹരി മരുന്ന് പിടിച്ചതിൽ പൊലീസ് അന്വേഷണം ഊർജിതം. അടുത്ത വർഷം മാർച്ച് വരെ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ നടക്കാനിരിക്കുന്ന സംഗീത പരിപാടികളിൽ വിതരണം ചെയ്യാനാണ് കൊക്കെയ്നും മുന്തിയ ഇനം കഞ്ചാവും എത്തിച്ചതെന്നാണ് വിവരം. ഡൽഹിക്കുപുറമേ ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
മെട്രോ നഗരങ്ങളിൽ നടക്കുന്ന ലൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ് ഷോകൾക്കുവേണ്ടിയാണ് 560 കിലോ കൊക്കെയിനും 42 കിലോ കഞ്ചാവും ഡൽഹിയിലെത്തിച്ചത്. ഈമാസം മുതൽ മാർച്ച് വരെ ഡൽഹി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള സംഗീത പരിപാടികൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. സംഘാടകർ അന്വേഷണ പരിധിയിൽ ഇല്ല. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്ന സംഘമടക്കം പൊലീസ് റഡാറിലുണ്ട്. വസ്ത്രങ്ങൾക്കുള്ളിൽവച്ച് വലിയ പെട്ടികളിലാക്കി ലഹരി കടത്തുന്നതായിരുന്നു സംഘത്തിന്‍റെ രീതി.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ പെറു, ബൊളീവിയ, കൊളംബിയ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നാണ് കൊക്കെയ്ന്‍ എത്തിച്ചത്. ഒരു കിലോ കൊക്കെയ്ന് തായ്ലൻഡിൽ കുറഞ്ഞത് 10 കോടി രൂപ വിലവരും. ഉത്തരേന്ത്യയിലെ ഒന്നാംനിര ഡ്രഗ് കാർട്ടലിനെ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ പൂട്ടിയെങ്കിലും ഇവരെ നിയന്ത്രിക്കുന്ന പ്രധാനി യുഎഇയിലാണ്.
അറസ്റ്റിലായ നാലുപ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ആവശ്യമെങ്കിൽ അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറും. ഡൽഹിയിലെ മുൻ യൂത്ത് കോൺഗ്രസ് നേതാവ് തുഷാർ ഗോയലാണ് പിടിയിലായ സംഘത്തിലെ പ്രധാനി.