അനധികൃതമായി കടത്തിക്കൊണ്ടുവന്ന 38 ഐ ഫോണ്‍ 16 പ്രോ മാക്സ് കസ്റ്റംസ് പിടികൂടി. ഡല്‍ഹിയിലെ ഇന്ദിരഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. ദുബായില്‍ നിന്നും ഹോങ്കോങില്‍ നിന്നുമായി എത്തിയ യാത്രക്കാരില്‍ അഞ്ചുപേരാണ് പിടിയിലായത്. ടിഷ്യൂ പേപ്പറില്‍ ഒളിപ്പിച്ചാണ് സംഘം ഐ ഫോണുകള്‍ കൊണ്ടുവന്നത്. കഴിഞ്ഞ മാസമാണ് ആപ്പിള്‍ ഐ ഫോണ്‍ 16 പ്രോ മാക്സ് പുറത്തിറക്കിയത്. 

ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോയുടെ 6E–1464 വിമാനത്തിലാണ് 12 ഫോണുകള്‍ എത്തിച്ചത്. സമാനരീതിയില്‍ 26 ഐ ഫോണുകളുമായി ഹോങ്കോങില്‍ നിന്നെത്തിയ യുവതിയെയും കസ്റ്റംസ് പിടികൂടി. ഹാന്‍ഡ് ബാഗിനുള്ളില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു ഫോണുകള്‍.   ടിഷ്യൂ പേപ്പറുകളില്‍ ഫോണുകള്‍ പൊതിഞ്ഞു വച്ചിരിക്കുന്നതിന്‍റെ ചിത്രവും വാര്‍ത്തയും കസ്റ്റംസ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

ഇത് രണ്ടാം തവണയാണ് വന്‍തോതില്‍ ഐ ഫോണിന്‍റെ ഏറ്റവും പുതിയ മോഡല്‍  കടത്തിക്കൊണ്ട് വരുന്നത് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടികൂടിയത്. ഇന്ത്യയിലെക്കാള്‍ വിലക്കുറവാണ് ഐ ഫോണ്‍ 16 പ്രോ മാക്സിന് ദുബായിലും ഹോങ്കോങിലും. 5,099 ദിര്‍ഹം (ഏകദേശം 1,15,900 രൂപ)മുതലാണ് ഐ ഫോണ്‍ 16 പ്രോ മാക്സിന് വില ആരംഭിക്കുന്നത്. ഇന്ത്യയില്‍ 30000 രൂപ കൂടി കൂടുതലാണ്. ഹോങ്കോങിലാവട്ടെ 1,10,300 ഇന്ത്യന്‍ രൂപയ്ക്ക് പുതിയ മോഡല്‍ ഐ ഫോണ്‍ ലഭിക്കും. ഇതിന് പുറമെ 5–12 ശതമാനം വരെ അധിക നികുതിയും ഇന്ത്യയ്ക്ക് പുറത്ത് നിന്ന് വാങ്ങുന്നവര്‍ നല്‍കേണ്ടി വരും. 

ENGLISH SUMMARY:

Customs seized 38 newly launched iPhone 16 Pro Max at Delhi's Indira Gandhi International Airport. Five flyers arrested.