TOPICS COVERED

 അഞ്ചും പത്തും താക്കോലുകളുള്ള താക്കോല്‍ക്കൂട്ടവുമായി വീടുപൂട്ടി പോയിരുന്ന കാലമൊക്കെ കഴിഞ്ഞു.പാസ് വേഡ് വച്ചും ഫിംഗര്‍ പ്രിന്‍റ് വെച്ചും തുറക്കാവുന്ന ഡോറുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. ഇക്കൂട്ടത്തിലേക്ക് തങ്ങളുടെതായ സംഭാവന നല്‍കാനൊരുങ്ങുകയാണ് ടെക് ഭീമനായ ആപ്പിളും.സെക്യൂരിറ്റിയുടെ കാര്യത്തില്‍ മറ്റുഫോണുകളേക്കാള്‍ ഒരുപടി മുന്നിലാണ് എപ്പോഴും ആപ്പിളിന്‍റെ സ്ഥാനം. ഇപ്പോഴിതാ വീടുകള്‍ക്കായുള്ള സ്മാര്‍ട്ട് ഡോര്‍ കാമറ ഒരുക്കാനൊരുങ്ങുകയാണ് ആപ്പിള്‍. മറ്റെല്ലാ ഡിവൈസിനേയും പോലെ സ്വകാര്യതയും ഡേറ്റ പ്രൊട്ടക്ഷനുമാണ് സ്മാര്‍ട്ട് ഡോറിന്‍റെയും പ്രത്യേകത. ഇതുവഴി പ്രധാന എതിരാളികളായ ഗൂഗിളിനെയും ആമസോണിനേയും ചൊടിപ്പിക്കാനും ആപ്പിള്‍ ഉദ്ദേശിക്കുന്നുണ്ട്. 2025ഓടെ സ്മാര്‍ട്ട് ഡോര്‍ പുറത്തിറക്കാനാണ് ആപ്പിളിന്‍റെ പ്ലാന്‍.

ഐഫോണിനെപ്പോലെ തന്നെ പ്രശസ്തമാണ് ആപ്പിളിന്‍റെ ഫേസ് ഐഡി ഫീച്ചറും. ആ ഫേസ് ഐഡിയില്‍ പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക് നിര്‍മ്മിക്കുക വഴി ആപ്പിളിന് തങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാനുമാകും. ഫേസ് ഐഡി കാമറയ്ക്ക് തനിച്ചും മറ്റ് തേര്‍ഡ് പാര്‍ട്ടി ലോക്കുകളുമായി സഹകരിച്ചും പ്രവര്‍ത്തിക്കാനാകും.ഫിംഗര്‍പ്രിന്‍റ് വെരിഫിക്കേഷന്‍ പോലെ നിലവിലുള്ള ബയോമെട്രിക് ഓപ്ഷനുകളില്‍നിന്നുമുള്ള ഒരു കുതിച്ചുചാട്ടമായി ആപ്പിളിന്‍റെ സ്മാര്‍ട്ട് ഡോര്‍ കാമറ ഭാവിയില്‍ രേഖപ്പെടുത്തിയേക്കാം. സ്മാര്‍ട് ഹോം വിപണിയെ ലക്ഷ്യമിട്ട് ആപ്പിള്‍ അവതരിപ്പിക്കുന്ന പ്രൊഡക്ടുകളില്‍ ഒന്നുമാത്രമാണ് ഫേസ് ഐഡി സ്മാർട്ട് ഡോർ കാമറ. സെക്യൂരിറ്റി കാമറകളും ഐപാഡ് ഡിസ്പ്ലേയ്ക്ക് സമാനമായ ഡിസ്പ്ലേയുള്ള ഹോംപാഡുകളും ആപ്പിള്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഐഫോണ്‍ വിപണിയില്‍ നേരിട്ട ഇടിവാണ് ഒന്നു കളം മാറ്റി ചവിട്ടിയാലോയെന്ന് ആപ്പിളിനെകൊണ്ട് ചിന്തിച്ചത്. വൈവിധ്യവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കാനാണ് ആപ്പിളിന്‍റെ ലക്ഷ്യം. ആപ്പിള്‍ കൂടെ ഗൃഹോപകരണ വിപണിയിലേക്ക് വരുന്നതോടുകൂടി നിലവിലുണ്ടായിരുന്ന നിര്‍മാതാക്കളും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാകും.2025 ആപ്പിളിന്‍റെ വര്‍ഷമാകുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ENGLISH SUMMARY:

apple to introduce home security with face id smart locks by 2025