locals-tried-to-attack-the-

പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഉപദ്രവിച്ച പ്രതിയെ അസഭ്യം പറഞ്ഞ് ആക്രമിക്കാന്‍ നാട്ടുകാരുടെ ശ്രമം. പാലക്കാട് കൊട്ടില്‍പ്പാറ സ്വദേശി സൈമണ് നേരെയാണ് തെളിവെടുപ്പിനിടെ നാട്ടുകാര്‍ രോഷം തീര്‍ത്തത്. കഴിഞ്ഞമാസം പതിനൊന്നിന് പെണ്‍കുട്ടി പുല്ലരിയുന്നതിനിടെ ആക്രമണം നടത്തി രക്ഷപ്പെട്ട സൈമണ്‍ വിഷം കഴിച്ച് ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും സൈമണ് നേരെ യുവാക്കളും സ്ത്രീകളും പാഞ്ഞടുക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസുകാര്‍ നാട്ടുകാരെ നിയന്ത്രിച്ചത്. 

 

പുല്ലരിയുന്നതിനിടെ പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത് പോലെ സൈമണും ശിക്ഷ നല്‍കണമെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഉറക്കെ പറയുന്നുണ്ടായിരുന്നു. സൈമണുമായി തെളിവെടുപ്പിനെത്തിയ പൊലീസ് ജീപ്പിന് നേരെ നിരവധി തവണ യുവാക്കള്‍ ആക്രോശിച്ചെത്തി. ആക്രമണമുണ്ടായ വയലിന് സമീപത്തും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പ്രതിഷേധിച്ചു.  കഴിഞ്ഞമാസം പതിനൊന്നിന് രാവിലെയാണ് കൃഷിയിടത്തില്‍ പുല്ലരിയാനെത്തിയ യുവതിയെ പിന്നിലൂടെയെത്തി സൈമണ്‍ മടവാള്‍ കൊണ്ട് തലയില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഉപദ്രവിച്ചത്. 

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തിയതോടെ സൈമണ്‍ രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവതി തൃശൂരിലെ ആശുപത്രിയിലെ വിദഗ്ധ ചികില്‍സയ്ക്കൊടുവില്‍ ആരോഗ്യം വീണ്ടെടുത്തു. ആക്രമണം നടത്തിയതിന്റെ പിറ്റേന്ന് വീടിന് സമീപം സൈമണെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്ന സൈമണ്‍ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. 

നാട്ടുകാരുടെ കടുത്ത രോഷത്തിനിടെ സൈമണെ ആദ്യം സ്വന്തം വീട്ടിലാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. ആക്രമണസമയം ധരിച്ചിരുന്ന വസ്ത്രങ്ങളും പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച മടവാളും പൊലീസ് കണ്ടെടുത്തു. വീട്ടിലെ അടുക്കളയോട് ചേര്‍ന്ന് ഗ്രൈന്ററിന്റെ അടിയിലാണ് ആയുധം ഒളിപ്പിച്ചിരുന്നത്. നാട്ടുകാരുടെ ആക്രമണഭീഷണി മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹമാണ് കൊട്ടില്‍പ്പാറയിലും പരിസരത്തും ഏര്‍പ്പെടുത്തിയിരുന്നത്. യാതൊരു കുറ്റബോധവുമില്ലാതെ ആക്രമണം നടന്ന ദിവസത്തെ കാര്യങ്ങള്‍ സൈമണ്‍ പൊലീസിനോട് വിശദീകരിച്ചു. തെളിവെടുപ്പിനിടെ പ്രതിയെ എറിയാന്‍ കല്ലുള്‍പ്പെടെ കയ്യില്‍ കരുതിയിരുന്ന നാട്ടുകാരുടെ വനിത പൊലീസുകാരുള്‍പ്പെടെ ചേര്‍ന്നാണ് ശാന്തരാക്കിയത്.