ബെംഗളുരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിക്ക് ക്രൂരമർദനമേറ്റതായി പരാതി. നാട്ടിലെത്തിയ വിദ്യാർത്ഥിയെ ചികിൽസയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ആദിൽ ഷിജിക്കാണ് മർദനമേറ്റത്. ബെംഗളുരുവിൽ സുശ്രുതി നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ആദിലിന് 3 ദിവസം മുൻപാണ് മർദനമേറ്റത്.
കോളജിന്റെ ഏജന്റുമാരായ റെജി ഇമ്മാനുവൽ, അർജുൻ എന്നിവരും മറ്റൊരു ഉത്തരേന്ത്യക്കാരനും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിൽ സുശ്രുതി കോളേജിലാണ് ചേർന്നതെങ്കിലും ഒന്നാം സെമസ്റ്ററിന്റെ ഹാൾ ടിക്കറ്റ് വന്നപ്പോഴാണ് റജിസ്ട്രേഷൻ ഏറെ ദൂരത്തുള്ള പൂർണ പ്രഗ്ന എന്ന കോളേജിലാണ് തിരിച്ചറിഞ്ഞത്.
പിന്നീട് ആദിൽ ബെംഗളുരുവിലെ മറ്റൊരു കോളജിൽ റജിസ്ട്രേഷൻ നടത്തി. ഇതിന്റെ വിരോധമാണ് മർദ്ദിക്കാൻ കാരണമെന്ന് ആദിൽ. വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ എത്തി നാട്ടിലേക്ക് കൊണ്ടുവന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. മർദിച്ചവർക്കെതിരെ ജില്ലാ പൊലിസ് മേധാവിക്കും ആദിൽ പരാതി നൽകി.