പാലക്കാട് ചെർപ്പുളശ്ശേരി എരവത്രയിലെ സദാചാര കൊലപാതക കേസിലെ വിചാരണ തുടങ്ങി. എരവത്ര സ്വദേശി പ്രഭാകരൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഫോണിൽ ഭീഷണിപെടുത്തിയെന്നും പൊലീസിന് ലഭിച്ച പരാതിയെത്തുടർന്ന് ഈ കേസിൽ ജില്ലാ പൊലീസ് മേധാവി വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
2015 ഫെബ്രുവരി 15 നാണ് ചെർപ്പുളശ്ശേരി കുലുക്കല്ലൂർ എരവത്രയിലെ മുത്തേ വീട്ടിൽപടിയിൽ പ്രഭാകരൻ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാവാത്തയാൾ ഉൾപ്പെടെ കേസിൽ പതിമൂന്നുപേരായിരുന്നു പ്രതികൾ. പ്രായപൂർത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുന്നതിനിടെ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചെന്നും ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ് പ്രഭാകരന്റെ മകൻ മണ്ണാർക്കാട് ഡി വൈ എസ് പി യെ സമീപിച്ചു. പരാതി അന്വേഷിച്ച ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് നൽകുയും തുടർന്ന് ജില്ലാ പൊലീസ് മേധാവി വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമിനു വേണ്ടി വിചാരണ നടക്കുന്ന ജില്ലാ ജഡ്ജിക്ക് ശുപാർശ ചെയ്യുകയും ചെയ്തു.
വിചാരണ മാറ്റിവയ്ക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയോട് അഭ്യർഥിച്ചെങ്കിലും ജഡ്ജി ജോമോൻ ജോൺ വിസമ്മതിക്കുകയായിരുന്നു. സാക്ഷി വിസ്താരം നടത്തിയില്ലെങ്കിൽ പ്രതികളെ റിമാൻഡ് ചെയ്യുമെന്ന് ജഡ്ജി മുന്നറിയിപ്പും നൽകി. മാസങ്ങൾക്ക് മുൻപ് ഷെഡ്യൂൾ ചെയ്ത കേസാണെന്നും ഒരു കാരണവശാലും വിസ്താരം നീട്ടികൊണ്ടു പോവാൻ പറ്റില്ലെന്നും ജഡ്ജി നിലപാടെടുത്തു.തുടർന്ന് ഉച്ചക്ക് ശേഷം വിസ്താരം തുടങ്ങി. ഒന്നും, രണ്ടും സാക്ഷികളെയാണ് ആദ്യദിനം വിസ്തരിച്ചത്.
ആക്രമണ ദിവസം പതിനൊന്ന് പ്രതികളും പ്രഭാകരനുമായി ഒന്നാം സാക്ഷിയുടെ വീട്ടിൽ വന്ന് സൗഹൃദമുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന മറുപടിക്ക് പിന്നാലെ പ്രഭാകരനെ പതിനൊന്നു പേരും ചേർന്ന് അക്രമിക്കുകയിരുന്നു. പ്രഭാകരനെ ഗുരുതരമായി മർദിക്കുന്നത് നേരിൽക്കണ്ടെന്ന് ഒന്നും രണ്ടും സാക്ഷികൾ കോടതിയിൽ മൊഴി നൽകി. തുടർച്ചയായ മർദനം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഒന്നാം സാക്ഷിയുടെയും, രണ്ടാം സാക്ഷിയുടെയും വിസ്താരം ആദ്യദിനം പൂർത്തിയായി.ഇൻക്വസ്റ്റ് ഒപ്പിട്ട സാക്ഷികളെയും , ഇൻക്വസ്റ്റ് സമയത്ത് ഉണ്ടായിരുന്ന സാക്ഷികളെയും അടുത്ത ദിവസം വിസ്തരിക്കും.
പ്രോസിക്യൂഷന് വേണ്ടി അഡ്വ പി ജയൻ ഹാജരായി.