ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് 21കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ട് പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാതെ പുണെ പൊലീസ്. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പുണെ ബോപ്‌ദേവ് ഘട്ടില്‍വച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇവിടെ എത്തിയ 21കാരിയെയും ആണ്‍സുഹൃത്തിനെയും ആക്റ്റിവിസ്റ്റ് ചമഞ്ഞെത്തിയ മൂന്നംഗ സംഘം കാറില്‍കയറ്റി ആളില്ലാത്ത പ്രദേശത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട ശേഷം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായെങ്കിലും ബാക്കി രണ്ട് പേര്‍ നാല് ദിവസം കഴിഞ്ഞിട്ടും കാണാമറയത്താണ്.
പ്രതികളുടെ രേഖാചിത്രം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പ്രദേശത്തെ മൊബൈല്‍ ടവര്‍ പരിധിയിലുള്ള മൂവായിരത്തോളം ഫോണുകളിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു. ഇരുനൂറോളം സ്ഥിരം കുറ്റവാളികളെയും ചോദ്യംചെയ്തു. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും ഉള്‍പ്പെടെ 60 അംഗ പൊലീസ് സംഘമാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. യുവതിയുടെ ആഭരണങ്ങളും ആണ്‍സുഹൃത്തിന്‍റെ മോതിരവും പ്രതികള്‍ കവര്‍ന്നിരുന്നു. പുണെ സസൂണ്‍ ആശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം സുഖംപ്രാപിക്കുന്ന യുവതിക്ക് അധികൃതര്‍ കൗണ്‍സിലിങ് നല്‍കുന്നുണ്ട്.