കര്‍ണാടകയിലെ കോളജുകളില്‍ അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതിയെ കൊല്ലം ചാത്തന്നൂര്‍ പൊലീസ് പിടികൂടി. സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയ യുവാവിനെ തിരുവനന്തപുരം മാറനല്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
കുന്നിക്കോട് മേലില ശ്യാംനിവാസില്‍ മുപ്പത്തിനാലു വയസുളള ശ്യാംകുമാര്‍ ആണ് ചാത്തന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് ശ്യാംകുമാര്‍ തട്ടിപ്പിന് തുടക്കമിട്ടത്. കര്‍ണാടകയിലുള്ള കോളജുകളില്‍ പ്രഫഷണല്‍ കോഴ്സുകളിലേക്ക് സ്കോളര്‍ഷിപ്പോടെ ആഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്യ്ത് നിരവധി വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.
തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ ചാത്തന്നൂര്‍, കൊട്ടിയം, പരവൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിക്കായി നിരവധി തവണ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ തിരുവനന്തപുരം മാറനല്ലൂരില്‍ നിന്ന് പൊലീസ് സംഘത്തിന്‍റെ വലയില്‍ വീഴുകയായിരുന്നു.