ചാംപ്യൻസ് ബോട്ട് ലീഗിന്റെ സമാപനവും പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും കൊല്ലത്ത് അഷ്ടമുടിക്കായലിൽ ഇന്ന് വൈകിട്ട് നടക്കും. സിബിഎലിലെ ഒന്‍പത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ പത്തൊന്‍പത് വള്ളങ്ങള്‍ ജലോല്‍സവത്തിന്റെ ഭാഗമാകും.
കഴിഞ്ഞ നവംബർ പതിനാറിന് കോട്ടയം താഴത്തങ്ങാടിയിൽ തുടങ്ങിയ വളളംകളി മത്സരങ്ങൾക്കാണ് പ്രസിഡന്റ്സ് ട്രോഫിയോടെ സമാപനമാകുന്നത്. തേവള്ളി കൊട്ടാരത്തിന് സമീപമുളള സ്റ്റാർട്ടിങ് പോയന്റ് മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട് ജെട്ടി വരെ ഒരുകിലോമീറ്റര്‍ നൂറു മീറ്റര്‍ ദൂരത്തിലാണ് വളളംകളി മല്‍സരം.
സിബിഎല്ലിന്റെ ഭാഗമായ പ്രസിഡന്റ്സ് ട്രോഫി മത്സരത്തിൽ ഒന്‍പതു ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുക. ചാംപ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ 49 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്തും, വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം 47 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.
ചാംപ്യൻസ് ബോട്ട് ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനം. പന്ത്രണ്ടിടങ്ങളില്‍ നടന്നിരുന്ന സിബിഎല്‍ മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ആറു സ്ഥലങ്ങളില്‍ മാത്രമാണ് ക്രമീകരിച്ചത്.