നാലംഗ പട്ടികജാതി കുടുംബത്തിനോട് സ്വകാര്യ ബാങ്കുകാരുടെ ക്രൂരത. വായ്പാ കുടിശികയുടെ പേരില്‍ വീട്ടുകാരില്ലാത്ത സമയം സ്വകാര്യ ബാങ്ക് അധികൃതര്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി പുതിയ പൂട്ട് സ്ഥാപിച്ച് നോട്ടിസ് പതിച്ച് മടങ്ങിയെന്ന് പരാതി. പാലക്കാട് പെരുവെമ്പ് പനങ്കുറ്റി സ്വദേശി ശിവനും അമ്മയും ഭാര്യയും മകനുമാണ് വീട്ടിനുള്ളില്‍ കയറാനാവാതെ രണ്ട് മണിക്കൂറിലേറെ മഴകൊണ്ടിരുന്നത്. നാട്ടുകാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പൂട്ട് തകര്‍ത്ത് കുടുംബത്തെ രാത്രിയില്‍ അകത്ത് കയറ്റി.
പതിമൂന്നുകാരനുള്‍പ്പെടെ നാലംഗ കുടുംബം രാത്രിയില്‍ മഴനനഞ്ഞ് സ്വന്തം വീട്ടില്‍ കയറാനാവാതെ പുറത്ത് കാത്തിരിക്കേണ്ടി വന്നതിലുള്ള നാട്ടുകാരുടെ പ്രതിഷേധം. വീട്ടുകാരറിയാതെ വാതില്‍ തകര്‍ത്ത് അതിക്രമിച്ച് കയറി സ്വകാര്യ ബാങ്കുകാര്‍ സ്ഥാപിച്ച പൂട്ട് നാട്ടുകാര്‍ തല്ലിതകര്‍ത്തു. ഏത് നിയമത്തിന്റെ പേരിലായാലും സ്വകാര്യ ബാങ്കുകാര്‍ ശിവനോടും കുടുംബത്തിനോടും കാണിച്ചത് കടന്ന് പോയെന്നാണ് വിമര്‍ശനം.
വായ്പാ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിക്കാതെയാണ് ബാങ്ക് അധികൃതര്‍ ക്രൂരത കാട്ടിയതെന്നാണ് നാട്ടുകാരുടെയും പരാതി. വീട്ടില്‍ അതിക്രമിച്ച് കയറി പൂട്ട് സ്ഥാപിച്ചതിനെതിരെ ശിവനും കുടുംബവും പുതുനഗരം പൊലീസില്‍ പരാതി നല്‍കി. നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നും അതിക്രമിച്ച് കയറിയെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നുമാണ് ബാങ്കിന്റെ വിശദീകരണം.