പാലക്കാട് ചെർപ്പുളശ്ശേരി എരവത്രയില്‍ സദാചാര ഗുണ്ടായിസത്തിനിടെ ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ രഹസ്യമൊഴി മാറ്റിപ്പറഞ്ഞ സാക്ഷിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍. കേസിലെ ഒന്നാം പ്രതിയുടെ ഭാര്യാ പിതാവും മുന്‍ പഞ്ചായത്ത് അംഗവുമായ ദേവനാണ് മൊഴി മാറ്റിയത്. പ്രതിപ്പട്ടികയിലുള്ളവര്‍ കൊല്ലപ്പെട്ട പ്രഭാകരനെ മര്‍ദിക്കുന്നത് കണ്ടുവെന്ന മൊഴി മണ്ണാര്‍ക്കാട് കോടതിയിലെ വിസ്താരത്തിനിടെ ദേവന്‍ നിഷേധിക്കുകയായിരുന്നു.
പ്രഭാകരനെ ആക്രമിക്കുന്നത് കണ്ടുവെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയാണ് മണ്ണാര്‍ക്കാട് കോടതിയില്‍ ദേവന്‍ മാറ്റിപ്പറഞ്ഞത്. വ്യാജമൊഴിയുടെ പേരില്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മണ്ണാര്‍ക്കാട് ഡിവൈഎസ്പിയോട് ആവശ്യപ്പെടുമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചെന്ന പ്രഭാകരന്റെ മകന്റെ പരാതിയിൽ മണ്ണാർക്കാട് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവി വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമിനു വേണ്ടി വിചാരണ നടക്കുന്ന ജില്ലാ ജഡ്ജിക്ക് ശുപാർശ ചെയ്യുകയും ചെയ്ത കേസാണിത്.
കേസിലെ പതിനാറാം സാക്ഷിയാണ് ദേവന്‍. പതിനേഴാം സാക്ഷിയേയും വിസ്തരിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഇദ്ദേഹം ഉറച്ചുനിന്നു. 2015 ലാണ് പ്രഭാകരന്‍ കൊല്ലപ്പെടുന്നത്. കുലുക്കല്ലൂര്‍ എരവത്രയില്‍ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലെത്തിയെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നു. വീട്ടമ്മയുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിപ്പിക്കാനും ശ്രമിച്ചു. ഇത് വിഫലമായതിനെ തുടര്‍ന്ന് വീണ്ടും മര്‍ദിച്ചതോടെ ഇയാള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തുടര്‍ച്ചയായ മര്‍ദനം മൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചെര്‍പ്പുളശ്ശേരി സി.ഐ.യായിരുന്ന സി.വിജയകുമാരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ കേസില്‍ 11 പ്രതികളാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജയന്‍ ഹാജരായി.