സസ്പെൻഷൻ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ കൈക്കൂലി കേസിൽ ജില്ലാ മെഡിക്കൽ ഓഫീസർ വിജിലൻസ് പിടിയിൽ. ഇടുക്കി ഡി.എം.ഒ ഡോക്ടർ എൽ മനോജാണ് പിടിയിലായത്. കൈക്കൂലി വാങ്ങാൻ സഹായിച്ച ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇടുക്കി ഡി.എം.ഒ എൽ.മനോജിനെ ചുറ്റിപ്പറ്റി വിചിത്ര നടപടികളാണ് നടുക്കന്നത്. കൈക്കൂലി വാങ്ങിയെന്ന പരാതിയെത്തുടർന്ന് മനോജിനെ കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സസ്പെൻഡ് ചെയ്തു. ഗവർണറുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ഇന്നലെ വൈകിട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സസ്‌പെൻഷൻ സ്റ്റേ ചെയ്ത് മനോജിന് ജോലിയിൽ പ്രവേശിക്കാമെന്ന് ഉത്തരവിറക്കി.
പരാതികൾ അന്വേഷിക്കാതെ സസ്പെൻഡ് ചെയ്‌തെന്നാണ് ട്രൈബ്യൂണലിന്‍റെ കണ്ടെത്തൽ. എന്നാൽ ഇന്ന് ജോലിയിൽ പ്രവേശിച്ചതോടെ ഡി.എം.ഒ യ്ക്ക് വിജിലൻസ് കൂച്ചുവിലങ്ങിട്ടു. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഇന്ന് രാവിലെ 75000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
മറ്റൊരു ഡോക്ടറിന്റെ ഡ്രൈവറായ രാഹുൽ രാജിന്റെ ഗൂഗിൾ പേ വഴിയാണ് പണം കൈമാറിയത്. പണം അയച്ച സ്ക്രീൻഷോട്ട് ഹോട്ടൽ ഉടമ മനോജിന് വാട്സ്ആപ്പ് വഴി അയച്ചു നൽകി. ഇതുൾപ്പെടെ ശേഖരിച്ചാണ് ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പിയുടെ സംഘം മനോജിനെ അറസ്റ്റ് ചെയ്തത്. മനോജിനെ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.