ബെംഗളുരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് രാസലഹരിമരുന്ന് വിതരണം ചെയ്യുന്ന ആഫ്രിക്കക്കാരനെ കൊല്ലം കരുനാഗപ്പള്ളി പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് രക്ഷപെടാനുള്ള നീക്കത്തിനിടെ മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. നൈജീരിയക്കാരനായ ഉക്കുവ്ഡിലി മിമ്രിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം മുപ്പതു ഗ്രാം എംഡിഎംഎയുമായി മരുതൂർകുളങ്ങര സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. തുടർന്ന് രാഹുലുമായി ബെംഗളുരുവിൽ എത്തിയ പൊലീസ് സംഘം കൂട്ടുപ്രതിയായ സുജിത്ത്, താൻസാനിയ സ്വദേശി അബ്ദുൽനാസർ അലി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ പ്രധാനിയായ മിമ്രിയിലേക്ക് അന്വേഷണം എത്തിയത്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് നീക്കം അറിഞ്ഞ് മിമ്രി ബെംഗളൂരുവിൽ നിന്ന് മുംബൈ വഴി നൈജീരിയയിലേക്ക് രക്ഷപ്പെടാനായിരുന്നു നീക്കം. കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടാൻ കെണിയൊരുക്കിയത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള രാസലഹരി ഇടപാടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.