ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ മർദ്ദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതികൾ പിടിയിൽ. മത്തായിപ്പാറ സ്വദേശി ജനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസികളായ എൽസമ്മയും മകൻ വിപിനും പിടിയിലായത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ജനീഷ് മരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്നലെ ഉച്ചയോടെയാണ് അയൽവാസികളുടെ വീടിനു മുന്നിൽ മർദ്ദനമേറ്റ് അവശനിലയിൽ ജനീഷിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ജനീഷിനെ ആശുപത്രിയിലേക്ക് മാറ്റി. ജനീഷും എൽസമ്മയുടെ കുടുംബവും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം ജനീഷ് ഇവരുടെ വീട്ടിലെത്തി ജനൽ ചില്ലുകൾ തല്ലിപ്പൊളിച്ചെന്ന് കാട്ടി എൽസമ്മ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് മർദ്ദനമേറ്റ് അവശനായ നിലയിൽ ജനീഷിനെ കണ്ടെത്തിയത്.
സംഭവത്തിനുശേഷം ഉടുമ്പൻചോലയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിന്നീട് കീഴടങ്ങുകയായിരുന്നു. മരത്തടി കൊണ്ട് മർദ്ദനമേറ്റ ജനീഷിന്റെ വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനൊപ്പം ഗൂഢാലോചന, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള തർക്കം ഇരുകൂട്ടരും തമ്മിൽ ഉണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഉപ്പുതറ പൊലീസിന്റെ നിഗമനം