ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തി കോടികള്‍ തട്ടുന്ന രാജ്യാന്തര ബന്ധമുള്ള റാക്കറ്റിനെ പിടികൂടി ഗുജറാത്ത് സൈബര്‍ ക്രൈം യൂണിറ്റ്. ആറ് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ നാല് തയ്‌വാന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ അറസ്റ്റിലായി. മൊബൈല്‍ ആപ്പ് വഴി ദുബായിലെ ക്രിപ്റ്റോ അക്കൗണ്ടുകളിലേക്കാണ് സംഘം പണം കൈമാറ്റം ചെയ്തിരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നടി മാലാ പാര്‍വതിയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇപ്പോള്‍ ഒടുവില്‍ ഇരയായത്. കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത് പോലുള്ള ഗുരുതര കുറ്റകൃത്യം ആരോപിച്ച് പൊലീസെന്നോ സിബിഐ എന്നോ വ്യാജേന വിഡിയോ കോള്‍ വഴി വെര്‍ച്ച്വല്‍ അറസ്റ്റ് നടത്തും. തുടര്‍ന്ന് പണം തട്ടുന്നതാണ് രീതി. ഗുജറാത്തിലെ ഒരു മുതിര്‍ന്ന പൗരനില്‍ നിന്ന് ഇത്തരത്തില്‍ 79 ലക്ഷം തട്ടിയെടുത്ത കേസ് അന്വേഷിച്ച് ചെന്നപ്പോളാണ് രാജ്യാന്തര ബന്ധമുള്ള ഈ റാക്കറ്റിന്‍റെ കണ്ണികള്‍ വലയിലായത്.
ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, ഒഡിഷ, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ഗുജറാത്ത് സൈബര്‍ ക്രൈം യൂണിറ്റ് പരിശോധന നടത്തി. നാല് തയ്‌വാന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 120 മൊബൈല്‍ ഫോണുകള്‍ 761 സിം കാര്‍ഡുകള്‍ 13 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ഒരു വര്‍ഷത്തോളമായി ഇന്ത്യയില്‍ വന്നുപോകുന്ന തയ്‌വാന്‍ പൗരന്‍മാരാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന തുക വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്. ഇവര്‍ ഇതിനായി തയാറാക്കിയ പ്രത്യേക മൊബൈല്‍ ആപ്പ് വഴി ക്രിപ്റ്റോ കറന്‍സി രൂപത്തിലാണ് പണം ദുബായിലേക്ക് കൈമാറ്റം ചെയ്യുന്നത്. ആയിരത്തിലധികം പേരെ സംഘം തട്ടിപ്പിന് ഇരയാക്കിയെന്നാണ് കണ്ടെത്തല്‍.