സ്ഥലം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം ഡീസന്‍റ് മുക്ക്. പേരുപോലെ തന്നെ അത്യാവശ്യം ഡീസന്‍റായ സ്ഥലമാണ്. എന്നാല്‍ ഇവിടെയെത്തുന്ന വരത്തന്മാരിൽ പലരും അത്ര ഡീസന്‍റല്ലെന്നാണ് നാട്ടുകാരുടെ അനുഭവം. ഉദ്ദേശിക്കുന്നത് ഡീസന്‍റ് മുക്കിലെ ഫിദ സ്റ്റോറിലെത്തി കുരുത്തക്കേട് കാട്ടിയ ഒരു പയ്യനെപ്പറ്റിയാണ്. പൊലീസിന് ഇനിയും പിടികൂടാൻ കഴിയാത്ത ഒരു ഫ്രീക്കന്‍ ചെക്കന്‍.

ഒക്ടോബര്‍ 8 വൈകിട്ട് 3.25. വെള്ള ഷൂസും ജീന്‍സും റ്റീ ഷര്‍ട്ടും ധരിച്ച ഒരു പയ്യന്‍ പള്‍സര്‍ ബൈക്കില്‍ കവലയിലെത്തുന്നു. ബൈക്കില്‍ നിന്നിറങ്ങി ഇരുകൈകളും പോക്കറ്റിലിട്ട് സ്റ്റൈലായി കടയിലേക്ക്. കടയുടെ ഉള്ളിലൊക്കെ ആകെയൊന്ന് നോക്കിയ ശേഷം 180 രൂപയുടെ ഒരു പാക്കറ്റ് സിഗരറ്റ് ആവശ്യപ്പെട്ടു. അല്‍പം പ്രായം ചെന്ന കടക്കാരന്‍ സിഗരറ്റെടുത്ത് കൊടുത്തു.  

പണം ചോദിച്ചപ്പോള്‍ കൈയ്യില്‍ പണം കൊണ്ടുനടക്കാറില്ലെന്നും ഗൂഗിള്‍ പേ നമ്പര്‍ തരാമോ എന്നും മറുചോദ്യം. കടക്കാരന്‍ ഗൂഗിള്‍ പേ നമ്പര്‍ കൊടുത്തപ്പോള്‍ ‘അല്‍പം വെയിറ്റ് ചെയ്യണം, എന്‍റെ അണ്ണന്‍ ഇപ്പോ ക്യാഷിടും’എന്നുപറഞ്ഞ് അവിടെ ഇരിപ്പായി. 15 മിനിട്ടോളം കടയില്‍ ഇരുന്ന ശേഷം പെട്ടെന്ന് തിടുക്കത്തില്‍ കടക്കാരന്‍റെ അടുത്തെത്തി ദയനീയ ഭാവത്തില്‍ പറഞ്ഞു.

‘ഒരബദ്ധം പറ്റിപ്പോയി ഇക്കാ. അണ്ണന്‍ 180 രൂപ ഗൂഗിള്‍ പേ ചെയ്തതില്‍ ഒരു പൂജ്യം കൂടി 1800 ആയിപ്പോയി. ബാക്കി പൈസ തിരികെ തരണേ ഇക്കാ’. അബദ്ധം പറ്റിയവന്‍റെ ശരീരഭാഷ പിടിച്ചാണ് 1800 രൂപ ഗൂഗിള്‍ പേ ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടും കാണിച്ചുള്ള ഈ അപേക്ഷ. വലിയ സാങ്കേതിക പരിജ്ഞാനമില്ലാത്ത, കടക്കാരന്‍ 1800ല്‍ നിന്നും 180 കുറച്ച് ബാക്കി 1620 രൂപ കയ്യില്‍ കൊടുത്തു. പണം കിട്ടിയതും ഫ്രീക്കന്‍ ബൈക്കെടുത്ത് ഒറ്റപ്പോക്ക്.

അല്‍പം കഴിഞ്ഞ് സംശയം തോന്നിയ കടയുടമ അടുത്തുള്ള  പരിചയക്കാരനെ വിളിച്ച് അക്കൗണ്ട് ചെക്ക് ചെയ്തപ്പോള്‍ നയാപൈസ വന്നിട്ടില്ല. അവന്‍ 1800 അയച്ചതുമില്ല, 1620 രൂപ ഇക്കയുടെ കയ്യില്‍ നിന്ന് വാങ്ങി മുങ്ങുകയും ചെയ്തു. പണം അയച്ച അക്കൗണ്ട് ഡീറ്റെയില്‍സ് കടക്കാരന്‍റെ കൈയ്യിലുണ്ട്. 

സിസിടിവി പരിശോധിച്ചതോപ്പോള്‍ ചെക്കന്‍റെ മുഖം കിട്ടി. വിശദമായിഅന്വേഷിച്ചപ്പോഴാണ് ആള് ചില്ലറക്കാരനല്ലെന്ന് മനസിലായത്. തൊട്ടടുത്തുള്ള പുല്ലൂര്‍മുക്കിലും പള്ളിക്കല്‍ മടവൂരിലും ഇതുപോലെ കടക്കാരുടെ പണം പോയിട്ടുണ്ട്. അവിടെയും നിരീക്ഷണ ക്യാമറകളില്‍ പയ്യന്‍ വൃത്തിയായി പതിഞ്ഞിട്ടുമുണ്ട്. മടവൂരില്‍ നിന്ന് പോയത് 5000 രൂപ. പൂല്ലൂര്‍മുക്കില്‍ നിന്ന് തട്ടിയത് ആയിരം. കൂടുതല്‍ അന്വേഷിച്ചാല്‍ പണികിട്ടിയ കടക്കാരുടെ ലിസ്റ്റ് വലുതായേക്കും. ഡീസന്റ് മുക്കിലെയും പുല്ലൂര്‍മുക്കിലെയും സംഭവങ്ങളിൽ പണം അയച്ചുകൊടുത്ത ജിപേ നമ്പരുൾപ്പടെ കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

കണ്ടാല്‍ ഫോണിലെ പരിപാടികളെക്കുറിച്ചൊക്കെ അറിവുണ്ടെന്ന് തോന്നുന്നവരുടെ കടയില്‍ കക്ഷി കയറില്ല.. തട്ടിപ്പിന് ഇരയാകുന്നതെല്ലാം സാധാരണക്കാരാണ്. താരതമ്യേനെ ചെറിയ തുകയായതിനാല്‍ പലരും പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങാനുള്ള മടി കാരണം പരാതി നല്‍കാറില്ല എന്നതാണ് പയ്യന്‍റെ ബലം. ഇതേ അനുഭവമുണ്ടായിട്ടുള്ള മറ്റാരെങ്കിലും ഉണ്ടെങ്കില്‍ എത്രയും വേ​ഗം കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാം.

ENGLISH SUMMARY:

New way to Google Pay Scam