navakerala-gunman

TOPICS COVERED

നവകേരള യാത്രയ്ക്കിടെ യൂത്തുകോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് അടുത്ത മാസം രണ്ടാം തീയതി ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും. കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് പരാതിക്കാർ പറഞ്ഞു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കഴിഞ്ഞ ഡിസംബർ 15 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത്. നവകേരള ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ചവരെ ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാർ പിടികൂടിയ ശേഷം മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും സംഘവും അകമ്പടി വാഹനത്തില്‍ നിന്നു ഇറങ്ങി വന്നു വളഞ്ഞിട്ട് അടിക്കുകയായിരുന്നു. 

കോടതി നിർദേശപ്രകാരം കേസെടുത്ത പൊലീസ് ആറുമാസത്തിന് ശേഷം റിപ്പോർട്ട് സമർപിച്ചു. മർദനത്തിന്‍റെ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന വിചിത്ര കണ്ടെത്തലാണ് ജില്ലാക്രൈംബ്രാഞ്ചിന്‍റേത്. സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നും അതുകൊണ്ട് കേസ് അവസാനിപ്പിക്കണമെന്നുമായിരുന്നു പൊലിസ് റിപ്പോർട്ട്. 

കോടതി നിർദേശ പ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറാണ് ഒന്നാം പ്രതി. സുരക്ഷാസേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ.  നവംബർ രണ്ടിന് കേസിൽ കോടതി വാദം കേൾക്കും.