റോഡ് മുറിച്ചുകടക്കവേ സ്പീഡ് കുറയ്ക്കൂവെന്ന് ബൈക്ക് യാത്രക്കാരനോട് പറഞ്ഞത് കാല്‍നടയാത്രക്കാരനായ വയോധികന് നഷ്ടമായത് സ്വന്തം ജീവന്‍. ബൈക്ക് സൈഡില്‍ മാറ്റി നിര്‍ത്തിയതിനു ശേഷം യുവാവ് അതിക്രൂരമായി വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഹൈദരാബാദിലെ ആള്‍വാളിലാണ് സംഭവം. കഴിഞ്ഞ മാസം മുപ്പതിനാണ് വയോധികനെ യുവാവ് നടുറോഡില്‍ വച്ച് ആക്രമിച്ചത്. 65കാരനായ ആഞ്ജനേയുലു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പിന്നാലെ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരക്കിട്ട് വാഹനങ്ങള്‍ ചീറിപായുമ്പോള്‍ റോഡ് മുറിച്ചുകടക്കാനായി കാത്തുനില്‍ക്കുന്ന ആഞ്ജനേയുലുവിനെ വിഡിയോയില്‍ കാണാം. റോഡ് മുറിച്ചുകടക്കവേ ഒരു ബൈക്ക് അദ്ദേഹത്തിനു സമീപത്തുകൂടി പോകുന്നുണ്ട്. ആഞ്ജനേയുലു എന്തോ പറയുന്നതും ബൈക്ക് യാത്രക്കാരന്‍ ബൈക്ക് റോഡരികിലേക്ക് മാറ്റുനിര്‍ത്തുന്നുമുണ്ട്. ബൈക്കിന്‍റെ മുന്നിലായി ഒരു കുഞ്ഞിനെ ഇരുത്തിയിട്ടുണ്ട്. പിന്നില്‍ ഒരു യുവതിയുമുണ്ട്.
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം യാത്രചെയ്യുകയായിരുന്നു യുവാവെന്ന് ഇതില്‍ നിന്ന് വ്യക്തം. ആഞ്ജനേയുലുവിനു നേരെ ബൈക്ക് യാത്രീകന്‍ കയര്‍ത്തു സംസാരിച്ചടുക്കുമ്പോള്‍ യുവതി ഇയളെ തടയുന്നുണ്ട്. എന്നാല്‍ യുവാവ് ആഞ്ജനേയുലുവിനെ അടിച്ച് താഴെയിടുകയാണ്.