ഫിസിക്സ് പരീക്ഷയില്‍ മൂന്നുതവണ തോറ്റ മകനോട് ഇനി എഞ്ചിനീയറിങ് അവസാനിപ്പിച്ചോളാന്‍ പറഞ്ഞ മാതാപിതാക്കളെ കൊന്നുതള്ളി മകന്‍. എഞ്ചിനീയറിങ് പഠനം അവസാനിപ്പിച്ച് മറ്റൊരു കോഴ്‌സിലേക്ക് മാറാന്‍ ആവശ്യപ്പെട്ടതാണ് 21കാരനായ ഉത്കര്‍ഷ് ദകോളയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. അമ്മയുടെ കഴുത്തറുത്ത ശേഷം രണ്ട് മണിക്കൂര്‍ കാത്തിരുന്നാണ് അച്ഛനെ കൊലപ്പെടുത്തിയത്. നാഗ്പൂരിലെ കാംപ്തി റോഡില്‍ കഴിഞ്ഞ മാസം 26നായിരുന്നു സംഭവം.
മാതാപിതാക്കളെ കൊലപ്പെടുത്തിയത് മറച്ചുവക്കാന്‍ തന്നാലാവുന്നതെല്ലാം ഉത്കര്‍ഷ് ചെയ്തിരുന്നു. അച്ഛനും അമ്മയും ബംഗളൂരുവില്‍ ഒരു മെഡിറ്റേഷന്‍ ട്രിപ്പിലാണെന്ന് പറഞ്ഞ് സഹോദരിയെ വിശ്വസിപ്പിച്ച് ബന്ധുവിന്റെ വീട്ടിലേക്കയച്ചു. ഒപ്പം ഒരു വ്യാജ ആത്മഹത്യാക്കുറിപ്പെഴുതി സ്ക്രീന്‍ഷോട്ട് എടുത്ത് പിതാവിന്റെ മൊബൈലിന്റെ വോള്‍ പേപ്പര്‍ ആക്കി മാറ്റിയിരുന്നു.
അതേസമയം പുതുവര്‍ഷപ്പുലരിയോടെ മേഖലയില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഡിസംബര്‍ 25ന് അച്ഛനും മകനും തമ്മില്‍ പഠനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നെന്നും അച്ഛന്‍ ഉത്കര്‍ഷിനെ അടിച്ചതായും സൂചനയുണ്ട്. ബെയില്‍വാദയിലേക്ക് താമസം മാറി ഐടിഐയില്‍ ചേര്‍ന്നുപഠിക്കാനായി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരമ്പരാഗത കൃഷിയിടത്തില്‍ കൃഷി നോക്കിനടത്താന്‍ പിതാവ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
അമ്മ അരുണയെ കൊലപ്പെടുത്തുന്ന സമയത്ത് സഹോദരി കോളജിലും പിതാവ് ലീലാധര്‍ ഒരു ബന്ധുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനും പോയതായിരുന്നു. കുത്തുകൊണ്ട് രക്തം വാര്‍ന്നൊഴുകുന്ന നേരത്തും ലീലാധര്‍ മകനോട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് പറഞ്ഞെന്നും അമ്മയെ വിളിച്ച് മൂന്നുപേര്‍ക്കും ഒരുമിച്ചിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞെന്നും പൊലീസ് വ്യക്തമാക്കുന്നു.എന്നാല്‍ താന്‍ അമ്മയെ ആദ്യം കൊലപ്പെടുത്തി എന്നായിരുന്നു ഉത്കര്‍ഷിന്റെ മറുപടി. കൊലപാതകത്തിനു പിന്നാലെ സഹോദരിയെ കോളജില്‍ നിന്നും വിളിച്ചുകൊണ്ടുവന്ന് ബന്ധുവീട്ടിലേക്കയക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന ഉത്കര്‍ഷിനെ വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് പറഞ്ഞ് സമീപവാസികളാണ് വിളിച്ചുവരുത്തിയത്. ഉത്കര്‍ഷിനെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പരസ്പര വിരുദ്ധമായ മറുപടിയാണ് പൊലീസിന് ഉത്കര്‍ഷിനുമേല്‍ സംശയം ജനിപ്പിച്ചത്.