mannarkkad-theft-gold

TOPICS COVERED

പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും കവര്‍ന്ന മുപ്പത് പവന്‍ സ്വര്‍ണവും കണ്ടെത്തി. വീടിന് സമീപത്തെ റബര്‍ പുകപ്പുരയ്ക്ക് സമീപത്തായി ഉപേക്ഷിച്ച നിലയിലായിരുന്നു ആഭരണങ്ങള്‍. ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുടമയുടെ പരാതിയില്‍ നഷ്ടപ്പെട്ടതായി പറഞ്ഞ സ്വര്‍ണാഭരണങ്ങളില്‍ ഒന്നര പവനൊഴികെയുള്ളതെല്ലാം തിരികെ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

 

പുല്ലിശ്ശേരി താണിക്കുന്ന് സ്രാമ്പിക്കല്‍ വീട്ടില്‍ ഷാജഹാന്റെ വീട്ടിലാണ് ഞായറാഴ്ച കവര്‍ച്ചയുണ്ടായത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 49 പവന്‍ തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നായിരുന്നു ഇവരുടെ പരാതി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചിരുന്നു. വീടിന്റെ കിണറിന് സമീപമുള്ള ബക്കറ്റില്‍ കൊണ്ടുവെച്ച നിലയിലായിരുന്നു ആഭരണങ്ങള്‍. ഇതിനു പിന്നാലെയാണ് അവശേഷിച്ച സ്വര്‍ണം കിണറിനോട് ചേര്‍ന്ന് കഴിഞ്ഞദിവസവും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. 49 പവൻ എന്നത് കൃത്യമായ കണക്കായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എത്ര സ്വർണമാണ് വീട്ടിൽ നിന്നും നഷ്ടപെട്ടത് എന്നതില്‍ കുടുംബാംഗങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 

രണ്ട് തവണയായി മുപ്പത് പവന്‍ സ്വര്‍ണമാണ് തിരികെ കിട്ടിയത്. വീടിനെക്കുറിച്ചും വീട്ടുകാരുടെ നീക്കങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കിയവരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. തിരികെക്കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ വീട്ടുടമസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിച്ച ശേഷം സ്റ്റേഷനിലേക്ക് മാറ്റി. അ‌ടുത്ത വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോയ സമയത്തായിരുന്നു കവര്‍ച്ചയുണ്ടായത്. തുടര്‍ന്ന്, ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരുമെത്തി തെളിവുകളും ശേഖരിച്ചിരുന്നു. ഇതോടെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ മോഷ്ടിച്ചവര്‍ തന്നെ ആഭരണങ്ങള്‍ തിരികെ കൊണ്ടുവച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

ENGLISH SUMMARY:

Gold stolen from a locked house in Pullassery, Mannarkkad, Palakkad, have been recovered. The jewelry was found abandoned near the rubber smokehouse close to the house.