കുറുവ സംഘത്തെ തേടിയുള്ള അന്വേഷണത്തിനിടെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടിയത് രണ്ട് പിടികിട്ടാപ്പുള്ളികളെ. വ്യാജപ്പേരിൽ ഇടുക്കി രാജകുമാരിയിൽ താമസിച്ചിരുന്ന സഹോദരങ്ങളായ കറുപ്പയ്യയും നാഗരാജുവുമാണ് പിടിയിലായത്. പ്രതികളെ തമിഴ്നാട്ടിലെ നാഗർകോവിൽ പൊലീസിന് കൈമാറി.
ആലപ്പുഴയിൽ ഭീതിപരത്തിയ കവർച്ചാ പരമ്പര നടത്തിയ കുറുവ സംഘത്തെ തേടിയുള്ള തുടർ അന്വേഷണത്തിലായിരുന്നു ആലപ്പുഴ മണ്ണഞ്ചേരി പൊലിസും പ്രത്യേക സംഘവും. കുറുവാ സംഘത്തെ തേടി തമിഴ്നാട്ടിൽ എത്തിയപ്പോഴാണ് അവിടത്തെ പൊലീസിൽ നിന്ന് കറുപ്പയെയും നാഗരാജിനെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇവർ ഇടുക്കിയിൽ ഉണ്ടെന്നറിഞ്ഞതോടെ മണ്ണഞ്ചേരി പൊലീസിൻ്റെ ആന്റി കുറുവ സ്ക്വാഡ് ഇടുക്കി ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ അന്വേഷണം തുടങ്ങി. ഇടുക്കി രാജകുമാരിയിൽ കഴിഞ്ഞ നാല് വർഷമായി ഗോപി, ആനന്ദൻ എന്നീ വ്യാജ പേരുകളിലായിരുന്നു ഇവർ കുടുംബസമേതം താമസിച്ചിരുന്നത്.
കുറുവാ സംഘത്തിന് സമാനമായ രീതിയിൽ മോഷണം നടത്തുന്നവരാണ് പ്രതികൾ. തമിഴ്നാട്ടിൽ കുറുവ മോഡൽ കവർച്ചകൾ നടത്തിയവരാണ് ഇരുവരും. ആലപ്പുഴ നോർത്ത്, പട്ടണക്കാട്, കോട്ടയം മേലുകാവ് എന്നീ സ്റ്റേഷനുകളിലായി കറുപ്പയ്യയ്ക്ക് എതിരെ ആറ് കേസുകൾ നിലവിലുണ്ട്. കുറുവ സംഘത്തിന്റെ വേരുവരെ അന്വേഷണം എത്തിയെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറഞ്ഞു. നിലവിൽ ആലപ്പുഴയിൽ കുറുവ സംഘത്തിന്റെ സാന്നിധ്യമില്ലെന്നും പൊലിസ് പറയുന്നു. വർഷങ്ങളായി തമിഴ്നാട് പൊലീസ് തിരയുന്ന കവർച്ചക്കാരാണ് പിടിയിലായ കറുപ്പയ്യയും നാഗരാജുവും. നാഗർകോവിൽ പൊലീസ് ആലപ്പുഴയിലെത്തി പ്രതികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി