TOPICS COVERED

മദ്യപിച്ച് സിനിമ കാണാനെത്തിയവരെ തടഞ്ഞതിന്റെ പേരില്‍ തിയറ്ററിന്റെ ചില്ല് എറിഞ്ഞുടക്കുകയും ഉട‌മയെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി പരാതി. പാലക്കാട് തൃപ്പാളൂരിലെ സ്നേഹ തിയറ്റര്‍ ഉടമ മധുര സ്വദേശി മണിവര്‍മയാണ് പത്തംഗ സംഘത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. നിയമനടപടിയിലേക്ക് നീങ്ങിയാല്‍ തിയറ്റര്‍ പൂട്ടി തമിഴ്നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് ആക്രമിച്ചവരുടെ ഭീഷണിയെന്ന് പരാതിക്കാരന്‍.  

മദ്യപിച്ച് കാല് നിലത്തുറയ്ക്കാതെ നാട്ടുകാരായ രണ്ടുപേര്‍ തിയറ്ററിലെത്തിയതിലാണ് തുടക്കം. തിയറ്റര്‍ ജീവനക്കാര്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പലരും കുടുംബസമേതം സിനിമ കാണാനെത്തുന്നതാണെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ച് ഇവരെ തിരിച്ചയ്ക്കാന്‍ തുടങ്ങി. മ‌ടങ്ങിയ യുവാക്കള്‍ വീണ്ടുമെത്തി ജീവനക്കാരെ മര്‍ദിക്കുകയും തിയറ്ററിന്റെ ചില്ല് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. വിവരമറിഞ്ഞ തിയറ്റര്‍ ഉടമയായ മണിവര്‍മയും ബിസിനസ് പങ്കാളിയും അങ്കമാലിയില്‍ നിന്നും തൃപ്പാളൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനം വഴിയില്‍ ത‌‌ടഞ്ഞ് ഒരു സംഘം ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. കയ്യില്‍ സാരമായി പരുക്കേറ്റ മണിവര്‍മ പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ സഹായം ലഭിച്ചില്ലെന്നാണ് പരാതി. 

കുനിശ്ശേരി സ്വദേശി സുരേഷ്, ബാബു എന്നിവരെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തംഗ സംഘത്തിലെ മറ്റുള്ളവര്‍ ഭീഷണി മുഴക്കി പുറത്ത് തുടരുന്നുവെന്നാണ് മര്‍ദനമേറ്റ തിയറ്റര്‍ ഉടമയുടെ ആക്ഷേപം. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയിലാണ് ഇവരെ പൊലീസ് പിടികൂടാത്തതെന്നും മണിവര്‍മ കുറ്റപ്പെടുത്തുന്നു. തിയറ്റര്‍ ഉടമയെ മര്‍ദിച്ചതില്‍ പിടിയിലാകാനുള്ളവര്‍ ഒളിവിലാണെന്നും അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും ആലത്തൂര്‍ പൊലീസ് അറിയിച്ചു.‌

ENGLISH SUMMARY:

cenima theater attack case; no probe against accuses