TOPICS COVERED

കോഴിക്കോട് കൊയിലാണ്ടിയില്‍ കവര്‍ച്ചാ നാടകത്തിലൂടെ പണം തട്ടിയെടുത്ത കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് പൊലീസ്. പ്രതികള്‍ തട്ടിയെടുത്ത 72 ലക്ഷത്തില്‍ 37 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പണം തട്ടിയെടുത്തതിന് പിന്നില്‍ നാലാമത് ഒരാള്‍ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു റൂറല്‍ എസ്പിയുടെ പ്രതികരണം. എന്നാല്‍ അന്വേഷണത്തില്‍ കവര്‍ച്ചയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് വ്യക്തമായി. മോഷണം നടത്തിയത് സുഹൈലും താഹയും യാസിറും ഗൂഡാലോചന നടത്തിയാണെന്നും ബോധ്യപ്പെട്ടു. സ്വകാര്യ എടിഎമ്മിലേയ്ക്കുള്ള പണവുമായി വരികയായിരുന്നു സുഹൈലിനെ പര്‍ദ്ദ ധരിച്ചെത്തിയ രണ്ട് പേര്‍ മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് പണം കവര്‍ന്നുവെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ ദേഹത്ത് മാത്രം മുളകുപൊടി വീണ സുഹൈല്‍ കണ്ണുതുറക്കാന്‍ പോലും പറ്റുന്നില്ലെന്ന തരത്തിലുള്ള അഭിനയം കാഴ്ച്ചവച്ചത് വളരെ വേഗത്തില്‍ പൊലീസ് തിരിച്ചറി‍ഞ്ഞു. 

കവര്‍ച്ചാസംഘം തലയ്ക്കടിച്ച് പണം കവര്‍ന്നുവെന്ന മൊഴി താലൂക്ക് ആശുപത്രിയില്‍ കൊണ്ട് പോയി പരിശോധിച്ചതോടെ നുണയാണെന്നും മനസിലായി. ഇതോടെയാണ് സുഹൈലിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. കവര്‍ച്ചാനാടകമാണെന്ന് പ്രതികള്‍ പിന്നാലെ കുറ്റം സമ്മതിക്കുകയും ചെയ്തു. ആകെ 72 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതില്‍ 37 രൂപ കണ്ടെടുത്തു. ഇനി 35 ലക്ഷം കൂടി കണ്ടെത്താനുണ്ട്. എന്നാല്‍ ഇത് എവിടെ എന്നത് സംബന്ധിച്ച് നിലവില്‍ വിവരങ്ങളൊന്നും ഇല്ല. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ബാക്കി പണം കൂടി കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.