TOPICS COVERED

അഞ്ചുവയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സ്ത്രീക്ക് 53 വര്‍ഷം തടവ്. യു.എസിലെ ന്യൂ ഹാംഷെയറിലാണ് സംഭവം. മസാച്യുസെറ്റ്‌സ് പാർക്കിൽ കുഴിച്ചിട്ട നിലയിലാണ് അഞ്ചുവയസുകാരന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നതായും മയക്കുമരുന്നിന് വിധേയമാക്കിയിരുന്നതായും വ്യക്തമായത്. 

ഡാനിയേൽ ഡൗഫിനൈസ് എന്ന യുവതിയാണ് മകന്‍ ഏലിജാ ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 'അമ്മ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടു, എന്നോട് ക്ഷമിക്കൂ' പ്രതിയായ യുവതി കോടതിയില്‍ പറഞ്ഞ വാക്കുകളാണിത്. മകന്‍റെ മരണത്തിന് പിന്നില്‍ താനാണെന്ന് യുവതി സമ്മതിച്ചു. 

മുഖത്തും തലയോട്ടിയിലും മുറിവുകൾ, ലഹരി, പോഷകാഹാരക്കുറവ്, എന്നിവ ഏലിജയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോള്‍ കണ്ടെത്തിയിരുന്നു. ഇത് കുട്ടി കഠിനമായി പീഡിപ്പിക്കപ്പെടുകയും അവഗണന നേരിടുകയും ചെയ്തിരുന്നുവെന്നതിന് തെളിവായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. അതേസമയം മകന് മാനസിക രോഗമുണ്ടായിരുന്നതായി പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. 

16 മാസത്തിനിടെ കുട്ടി ക്രമേണ മെലിഞ്ഞുകൊണ്ടിരുന്നതായും അവസാന ഫോട്ടോയില്‍ ഒരു കണ്ണ് അടഞ്ഞുപോയതായും ചിത്രങ്ങളില്‍ നിന്ന് വ്യക്തമായി. ഇത് കുട്ടി നേരിട്ട ദുരനുഭവങ്ങളുടെ ഉദാഹരണങ്ങളായി കോടതി വിലയിരുത്തി. 

ഡാനിയേൽ ഡൗഫിനൈസ്  വിവാഹമോചനം നേടിയിരുന്നു. 2020 മെയ് മാസത്തിലാണ് ഡാനിയേലിന്‍റെ അടുക്കലേക്ക് പിതാവ്, ഏലിജയെ എത്തിച്ചത്.  കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് 2022-ൽ യുവതിയുടെ കാമുകൻ ജോസഫ് സ്റ്റാപ്പിനെ പൊലീസ് പിടികൂടിയിരുന്നു. നരഹത്യ,  ആക്രമണം, തെളിവുകൾ നശിപ്പിക്കല്‍, സാക്ഷികളെ സ്വാധിനിക്കല്‍ എന്നിവയിൽ കാമുകന്‍ കുറ്റം സമ്മതിച്ചു.