ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടറെ രോഗികളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച കേസിൽ ആലപ്പുഴ നഗരസഭ വൈസ് ചെയർമാനും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയു മുൻകൂർ ജാമ്യം തേടി. തങ്ങൾക്കെതിരെയുള്ളത് കള്ളപരാതിയാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജനപ്രതിനിധികൾ. ആശുപത്രി സൂപ്രണ്ടിനോട് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു.
പാർക്കിൽ വിദ്യാർത്ഥി സംഘത്തിന്‍റെ മർദനത്തിൽ പരുക്കേറ്റ നഗരസഭയിലെ താൽകാലിക ജീവനക്കാരുടെ ചികിൽസയെചൊല്ലിയാണ് ജനപ്രതിനിധികളും ഡോക്ടറും തമ്മിൽ തർക്കമുണ്ടായത്. സാരമായി പരുക്കേറ്റവർക്ക് ജനറൽ ആശുപത്രിയില്‍ വേണ്ട ചികിൽസ നല്‍കിയില്ലെന്നാണ് ഭരണപക്ഷ കൗണ്‍സിലർമാരുടെ ആരോപണം. ഇത് ചോദ്യം ചെയ്തതിനാണ് ഡോക്ടർമാർ പോലീസിൽ പരാതി നല്‍കിയതെന്ന് കൗൺസിലർമാർ പറയുന്നു.
വതിനാ ഡോക്ടറുടെ പരാതിയിൽ നഗരസഭ വൈസ് ചെയർമാനും സ്ഥിരം സമിതി അധ്യക്ഷയ്ക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. ഇടുതുപക്ഷ ജനപ്രതിനിധികൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമമാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകാനും നഗരസഭ കൗൺസിലർമാർ തീരുമാനിച്ചിട്ടുണ്ട്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രതിഷേധം ഉണ്ടാകുമെന്നതിനാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത ജനറൽ ആശുപത്രി പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഇരുവരും വിട്ടു നിന്നിരുന്നു.