കാസർകോട് ഉപ്പളയിൽ ഒപ്പം താമസിച്ചിരുന്ന പെൺ സുഹൃത്തിനെ കൊലപ്പെടുത്തിയശേഷം മോഷണം നടത്തി മുങ്ങിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. കർണാടക ബിജാപൂർ സ്വദേശി സന്തോഷ് ദൊഡ്ഡമനയെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക കഠിനതടവും അനുഭവിക്കണം.
കർണാടക ഉഡുപ്പി സ്വദേശിനിയായ ഹുളുഗമ്മയെ 2013 ഓഗസ്റ്റ് രണ്ടിനാണ് ഉപ്പള ഹിദായത്ത് നഗറിലെ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഹുളുഗമ്മയും സന്തോഷും ക്വാർട്ടേഴ്സിൽ ഭാര്യാഭർത്താക്കന്മാരെന്ന വ്യാജേന കൂലിപ്പണിയെടുത്ത് താമസിക്കുകയായിരുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് ഹുളുഗമ്മയെ ഉടുത്തിരുന്ന സാരിയുടെ അറ്റം കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിന് ശേഷം ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും പണവും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കവർന്ന് പ്രതി മുങ്ങി. മുറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽ വാസിയും ക്വാർട്ടേഴ്സ് ഉടമയും നടത്തിയ പരിശോധനയിലാണ് ഹുളുഗമ്മ മരിച്ചുകിടക്കുന്നത് കണ്ടത്. പൊലീസ് അന്വേഷണത്തിൽ ജൂലൈ 31ന് രാവിലെ എട്ടോടെ ഹുളുഗമ്മയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവം ദിവസം ഇരുവരെയും മുറിയിൽ ഒന്നിച്ചു കണ്ട സാക്ഷികളുടെ മൊഴിയും കേസിൽ നിർണായകമായി. മഞ്ചേശ്വരം പൊലീസെടുത്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കുമ്പള സിഐയായിരുന്ന സിബി തോമസാണ്.