തമിഴ്നാട്ടില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വീണ്ടും ആക്രമണം. മധുരയില്‍ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരിയെയാണ് ക്രൂരമായി മര്‍ദിച്ചത്. 25കാരനായ സിദ്ധിഖ് രാജയാണ് യുവതിയെ മര്‍ദിച്ചത്. യുവതിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മധുര ഒത്തക്കടെയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി ചെയ്യുകയായിരുന്നു ലാവണ്യ. ഇതിനിടെ കടയിലെത്തിയ ഇയാള്‍ യുവതിയുമായി സംസാരിക്കുകയും വാക് തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ക്ഷുഭിതനായ ഇയാള്‍ യുവതിയെ തുടര്‍ച്ചയായി അടിച്ചു.
അടിയേറ്റ് താഴെ വീണ ലാവണ്യയെ നിലത്തിട്ട് ചവിട്ടി. കടയ്ക്ക് പുറത്ത് നിന്നിരുന്നയാള് ഏറെ ബുദ്ധിമുട്ടിയാണ് സിദ്ധിഖ് രാജയെ പിടിച്ചുമാറ്റിയത്. പരുക്കേറ്റ യുവതിയെ തൊട്ടടുത്ത കടയിലുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ കുറച്ച് നാളായി പ്രണയാഭ്യര്‍ഥനയുമായി യുവതിക്ക് പിന്നാലെ നടക്കുന്നതായി കണ്ടെത്തി. തുടര്‍ച്ചയായി ശല്യം ചെയ്തിട്ടും യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചത് ഇയാളെ പ്രകോപിപ്പിച്ചുവെന്നാണ് വിവരം. ഇന്നലെ തഞ്ചാവൂരില്‍ വിവാഹഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ സര്‍ക്കാര്‍ സ്കൂളില്‍ കുത്തിക്കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ആക്രമിക്കപ്പെട്ടത്.