കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര  സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിവ്യശ്രീയാണ് വൈകിട്ട് വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. വധശ്രമം തടയുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലയ്ക്ക് ശേഷം മുങ്ങിയ ഭർത്താവ് രാജേഷിനെ കണ്ണൂർ ടൗണിലെ പുതിയ തെരുവിൽ നിന്ന് വളപട്ടണം പൊലീസ് പിടികൂടി. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ പോയി വന്ന ശേഷമാണ് കൊലപാതകം നടന്നത്. ദിവ്യശ്രീയെ മർദ്ദിച്ചതിന് ഭർത്താവിനെതിരെ പയ്യന്നൂർ പൊലീസിൽ നേരത്തെ കേസുണ്ട്.

നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാജേഷ് മദ്യത്തിനും ലഹരി മരുന്നിനും അടിമയായിരുന്നു എന്ന് അയൽവാസി രമേശൻ പറഞ്ഞു. ദിവ്യശ്രീയുടെ സഹോദരിയെയും രാജേഷ് മർദ്ദിച്ചിരുന്നുവെന്നും അയൽവാസി പറഞ്ഞു.

ENGLISH SUMMARY:

Policewoman hacked to death by husband in Karivellur, Kannur