വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. കന്യാകുമാരിയിലെ സ്കൈടെക് ട്രാവല്‍സ് കണ്‍സള്‍ട്ടന്‍സി ഉടമ കനകരാജിനെയാണ് കടവന്ത്ര പൊലീസ് തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയത്. കൊച്ചിയിലെ ഒഡീലിയ കണ്‍സള്‍ട്ടന്‍സി ഡയറക്ടറുമാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.
പോളണ്ട് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പരസ്യം നല്‍കി വോക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാന്‍ തട്ടിപ്പ് സംഘം പലവഴികള്‍ പയറ്റി. 2022ല്‍ ഇന്‍റര്‍വ്യൂ നടത്തി ഓരോരുത്തരില്‍ നിന്ന് ഒന്നരലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വാങ്ങി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജോലിയില്ല.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്നൊക്കെ പരസ്യത്തില്‍ മാത്രം. ലൈസന്‍സില്ലാതിരുന്ന ഒഡീലിയ കണ്‍സള്‍ട്ടന്‍സിയുടെ പ്രവര്‍ത്തനം അറസ്റ്റിലായ കനകരാജിന്‍റെ സ്ഥാപനത്തിന്‍റെ പേരിലായിരുന്നു. പരാതികളുയര്‍ന്നതോടെ മുങ്ങിയ കനകരാജിനെ മാര്‍ത്താണ്ഡത്ത് നിന്ന് കടവന്ത്ര പൊലീസ് പൊക്കി.
കേസിലെ മറ്റ് പ്രതികളായ ഒഡീലിയയുടെ ഡയറക്ടര്‍മാര്‍ സുനില്‍കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരെ എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ തൊഴില്‍ തട്ടിപ്പിന് കേസുകളുണ്ട്. സമാനമായി നിരവധി പേരെ സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.