TOPICS COVERED

പാലക്കാട് ആനക്കരയിൽ കോളജ് വിദ്യാർഥികളും യുവാക്കളും തമ്മിൽ സംഘർഷത്തില്‍ ഇരുകൂട്ടർക്കും മർദനമേറ്റു. പരാതിയില്ലാത്തതിനാൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ല. തുടർച്ചയായുള്ള യുവാക്കളുടെ അടിപിടി സ്വൈര്യ ജീവിതത്തെയും ബാധിക്കുന്നതായി നാട്ടുകാർ.

കോളജ് വിദ്യാർഥികളും ചേകന്നൂർ വട്ടംകുളം ആനക്കര ഭാഗങ്ങളിലെ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറെനേരം നീണ്ടു നിന്ന വാക്കേറ്റം കയ്യാങ്കളിയിലെത്തി. കയ്യുകൊണ്ടും, റോഡിൽ കിടന്നിരുന്ന കല്ലുകൾ ഉപയോഗിച്ചുമായിരുന്നു മർദനം. പരുക്കേറ്റ വിദ്യാർഥികളിൽ ചിലർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുകൂട്ടരും തല്ലിത്തുടങ്ങിയത്. തൃത്താല പൊലീസും സ്ഥലത്തെത്തിയിരുന്നു.യുവാക്കളും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. എന്ത് കാരണത്താലാണ് അടിപിടിയെന്ന് വ്യക്തമല്ല. മർദനത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇത് പൊലീസ് പരിശോധിക്കുന്നുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന സംഘർഷം നാട്ടുകാരുടെ സ്വൈര്യജീവിതത്തിനുംസാരമായി ബാധിക്കുന്നുണ്ടെന്നും, പ്രദേശത്ത് പൊലീസിന്റെ പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം കൂറ്റനാട് പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാവുകയും ഒരു വിദ്യാർഥിക്ക് കുത്തേൽക്കുകയും ചെയ്തിരുന്നു.