ganja-arrest-3

ഒറ്റപ്പാലം പനമണ്ണയിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇവരിൽ നിന്ന് മുപ്പത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. തച്ചനാട്ടുകര ചെത്തല്ലൂർ ആനക്കുഴി സ്വദേശിയായ ബാബുരാജ്, സുഹൃത്ത് പ്രകാശ് എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നാണ് 30 കിലോ കഞ്ചാവ് പിടികൂടിയത്. ബാബുരാജ് കാപ്പ കേസിലെ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. 

 

പനമണ്ണ അമ്പലവട്ടം വായനശാല റോഡിൽ പുലർച്ചെ രണ്ടോടെയാണ് സംഭവം. എസ്ഐ എം.സുനിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറിന്റെ ഡിക്കിയിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

തൃശൂരിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും ഹാറൂൺ എന്ന വ്യക്തിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും പിടിയിലായവർ പൊലീസിന് മൊഴി നൽകി. 3.15 ലക്ഷം രൂപ ഹാറൂണിന് കൈമാറിയതായും ഇവരുടെ മൊഴിയിലുണ്ട്. ഇവരിൽ നിന്ന് 12,500 രൂപയും പിടികൂടി. ഇരുവരും സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

Ottapalam panamanna ganja arrest