anita-choudary

കൊല്ലപ്പെട്ട അനിത ചൗധരി.

കാണാതായ യുവതിയെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം കണ്ടുകിട്ടിയത് ആറ് കഷണങ്ങളായി വെട്ടിനുറുക്കിയ നിലയില്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിത ചൗധരി എന്ന അന്‍പതുകാരിയെ രാജസ്ഥാനിലെ ജോഥ്പുരില്‍ നിന്ന് കാണാതായത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. പഴയ ഒരു കുടംബ സുഹൃത്താണ് അനിതയെ കൊന്നതെന്നാണ് വിവരം.

ജോഥ്പുരില്‍  ബ്യൂട്ടിപാര്‍ലര്‍ നടത്തിവരുകയായിരുന്നു അനിത ചൗധരി. ഒക്ടോബര്‍ 27ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ അനിത ഇവിടെ നിന്നിറങ്ങി. എന്നാല്‍ അന്നു രാത്രി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി അനിത പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷിച്ചിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കി.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഗുല്‍ മുഹമ്മദ് എന്നയാളുടെ വീട്ടിലാണ് അനിതയുടെ ഫോണിന്‍റെ അവസാന ലൊക്കേഷന്‍ കാണിച്ചത്. അനിതയുടെ സുഹൃത്തായിരുന്നു ഇയാള്‍. ഒരു സഹോദരനെപ്പോലെയാണ് ഗുല്‍ മുഹമ്മദിനെ അനിത കണ്ടിരുന്നതെന്ന് അനിതയുമായി അടുപ്പമുള്ളവര്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ഗുല്‍ മുഹമ്മദിന്‍റെ ഭാര്യയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. ഇവരാണ് അനിതയുടെ ശരീരഭാഗങ്ങള്‍ വീടിനു പിന്നില്‍ മറവു ചെയ്തുവെന്ന് പൊലീസിനോട് പറഞ്ഞത്. ആറ് ഭാഗങ്ങളാക്കി കുഴിച്ചിട്ട നിലയിലായിരുന്നു ശരീരഭാഗങ്ങള്‍. ഇത് എയിംസിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

ഗുല്‍ മുഹമ്മദ് നിലവില്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലും അന്വേണവും നടന്നുവരുന്നതായി പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

The body of a 50-year-old woman, chopped into several pieces, was found in Rajasthan's Jodhpur, two days after she was reported missing. According to the police, Anita Chaudhary was killed by an old family friend.