പതിനേഴുകാരന്‍ അമിതവേഗത്തിലോടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ദാരുണ സംഭവമുണ്ടായത്. എസ്.യു.വി കാറാണ് പതിനേഴുകാരന്‍ ഓടിച്ചത്. സംഭവസ്ഥലത്തു തന്നെ യുവതി മരിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഒരു ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം നിയന്ത്രണം വിട്ടിടിക്കുകയായിരുന്നു. ബിസ്റാഖിനു സമീപമാണ് അപകമുണ്ടായത്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ട യുവതി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ നിന്നുള്ള ശില്‍പി എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നത് പൊലീസ് സ്ഥിരീകരിച്ചു. 27 വയസ്സായിരുന്നു. ജോലിക്കു പോകുന്ന വഴിയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്.
അപകടത്തിനു തൊട്ടുപിന്നാലെ പതിനേഴുകാരന്‍ വാഹനത്തില്‍ നിന്നിറങ്ങിയോടി. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ അന്വേഷണവും നിയമനടപടികളും സ്വീകരിച്ചുവരിയാണെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ സമൂഹമാധ്യമത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നു. ഇത്തരം സംഭവങ്ങള്‍ പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല എന്നാണ് പൊതുവായ വിമര്‍ശനം. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ കൊടുക്കുന്ന മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്.