രാജസ്ഥാൻ സ്വദേശിയുടെ പാറ പൊട്ടിക്കുന്ന യന്ത്രം തട്ടിയെടുത്ത പത്തനംതിട്ടയിലെ സിഐടിയു ജില്ലാ നേതാവിനെതിരെ കേസ്. ഒളിപ്പിച്ചു വെച്ചിരുന്ന യന്ത്രം കോന്നി പോലീസ് കണ്ടെത്തി. കേസെടുത്തതോടെ സിപിഎം തുമ്പമൺ മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രതി അർജുൻ ദാസ് ഒളിവിൽ പോയി. മുന്‍പ് ഒരു കുട്ടി അടക്കമുള്ള അയല്‍ക്കാരെ ആക്രമിച്ച കേസില്‍ അര്‍ജുന്‍ ദാസും ഭാര്യയും സഹോദരന്‍റെ കുടുംബവുമടക്കം പ്രതികളാണ്.
ഹെവി മെഷീൻ വർക്കേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും സിപിഎം തുമ്പമൺ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസിനെതിരെ ആണ് കേസ്. മൂന്നര വർഷമായി ഒളിപ്പിച്ചു വച്ചിരുന്ന യന്ത്രം കോന്നി പോലീസ് കണ്ടെത്തി. 2021 ഏപ്രിലിൽ ആണ് രാജസ്ഥാൻ സ്വദേശി കിഷൻ ലാലിൽ നിന്ന് യന്ത്രം വാടകയ്ക്ക് എടുത്തത്. പിന്നീട് വാടക നൽകുകയോ യന്ത്രം തിരിച്ചു കൊടുക്കുകയോ ചെയ്തില്ല.
വാടക ആറ് ലക്ഷം കുടിശിക ആയി. ഇതോടെ കിഷൻ ലാൽ കോന്നി പൊലീസിൽ പരാതി നൽകി. യന്ത്രം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും ആറു ലക്ഷം രൂപ തനിക്ക് തരണം എന്നുമായിരുന്നു പൊലീസിനുമുന്നിൽ അർജുൻ ദാസ് ആവശ്യപ്പെട്ടത്. തുടർന്നാണ് പൊലീസ് കേസടുത്തതും ഒളിപ്പിച്ചുവെച്ചിരുന്ന യന്ത്രം കണ്ടെത്തിയതും.
മലയാലപ്പുഴയിൽ ഏഴു വയസ്സുള്ള കുട്ടിക്ക് നേരെ മാരകായുധം പ്രയോഗിച്ചത് അടക്കം കേസുകളിൽ പ്രതിയാണ് അർജുൻ ദാസ്. ഇതേ കേസിൽ കൂട്ടുപ്രതിയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം കൂടിയായ ഭാര്യ കാർത്തികയും. ഈ കേസുമായി ബന്ധപ്പട്ട് നാട്ടുകാരും സിപിഎം പ്രവർത്തകരും അർജുൻ ദാസിന്‍റെ വീട് ആക്രമിച്ചിരുന്നു
സ്ഥിരം കേസുകളിൽ പെട്ട് പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് അർജുൻ ദാസിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താക്കിയത്. ഹെവി മെഷീൻ വർക്കേഴ്സ് യൂണിയനിൽ നേതാവാകാൻ വേണ്ടിയാണ് മെഷീൻ തട്ടിയെടുത്ത് സൂക്ഷിച്ചതെന്നാണ് സംശയം.