തിരുവനന്തപുരം കോർപറേഷനു മുന്നിൽ മാലിന്യം നിരത്തിയും മരത്തിനു മുകളിൽ കയറിയും സി പി എം തൊഴിലാളി യൂണിയനിലെ ശുചീകരണ തൊഴിലാളികളുടെ സമരം. കഴിഞ്ഞ മാസം സമരം നടത്തിയപ്പോൾ മന്ത്രിയും, മേയറും നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും, ദ്രോഹിക്കുന്നെന്നുമാണ് തൊഴിലാളികൾ ആരോപണം. ഇവരെ കൂടി ഉൾപ്പെടുത്തി മാലിന്യ ശേഖരണം നടത്തുമെന്നായിരുന്നു ഉറപ്പ്.
വിളപ്പിൽ ശാലയിലെ കേന്ദ്രീകൃത മാലിന്യ പ്ലാന്‍റ് പൂട്ടിയതു മുതൽ നഗരസഭയുടെ അനുവാദത്തോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച സ്ത്രീകളടക്കമുള്ളവരാണ് സമരത്തിലുള്ളത്. വീടുകളും സ്ഥാപനങ്ങളും നൽകുന്ന തുഛമായ തുകയാണ് ഇവരുടെ വരുമാനം .ആ മയിഴഞ്ചാൻ തോട്ടിലടക്കം മാലിന്യമിടന്നാരോപിച്ചാണ് ഇവരുടെ വാഹനം പിടിച്ചെടുക്കുന്നത്. ഇതിനെതിരെയാണ് ചുവന്ന പതാക മായുള്ള തൊഴിലാളികളുടെ സമരം.
വർഷങ്ങളായി മാലിന്യം ശേഖരിക്കുന്ന സ്ത്രീകളടക്കമുള്ളവരാണ് സമര രംഗത്തുള്ളത്. മറ്റൊരു ജോലിക്കും പോകാൻ കഴിയാത്തവരാണിവരിലേറെയും
‘കോവിഡ് കാലത്ത് നമ്മളെ ഉണ്ടായിരുന്നുള്ളു, നമ്മടെ വോട്ടും കൂടി കൊണ്ടാണ് ജയിച്ചത്’. ‘50 വയസ് കഴിഞ്ഞു, ഇനി എന്ത് ജോലിക്കു പോകാനാണ്, ഒത്തു തീർപ്പായില്ലെങ്കിൽ ഇവിടെ കിടന്നു ചാകും, മാസങ്ങളായി കുടിൽ കെട്ടി സമരം നടത്തുകയാണ്’. എന്നിങ്ങനെയാണ് സമരരംഗത്തുള്ള സ്ത്രീകളുടെ നിലപാട്.
മാലിന്യ ശേഖരണം തടസപ്പെടുത്തില്ലെന്നും, മാലിന്യം കോർപറേഷൻ നിർദേശിക്കുന്നവർക്ക് കൈമാറണം എന്നുമായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ തീരുമാനം.