തമിഴ്നാട് ശിവഗംഗയില്‍ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. എഐഎഡിഎംകെ ബ്രാഞ്ച് സെക്രട്ടറി ഗണേശനാണ് കൊല്ലപ്പെട്ടത്. കേസില്‍ ഒരാള്‍ പിടിയിലായി. പുലര്‍ച്ചെയാണ് ഗണേശനെ വെട്ടിക്കൊന്നത്.
വീടിന് സമീപത്തായുള്ള കട തുറക്കാന്‍ ഇറങ്ങിയതായിരുന്നു ഗണേശന്‍. എന്നാല്‍ ഈ സമയം ഒളിച്ചിരുന്ന പ്രതി ഗണേശനെ വെട്ടിയെന്നാണ് വിവരം. വെട്ടേറ്റ് വീണ ഗണേശനെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഗണേശന്‍ മരിച്ചു. പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി. കുറച്ച് ദിവസം മുന്‍പ് വിനായകക്ഷേത്രത്തില്‍ കുംഭാഭിഷേകം നടന്നിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കേസില്‍ 25കാരനായ ഗുണ്ടമണിയെ പൊലീസ് പിടികൂടി. വൈകീട്ടോടെയാണ് പിടികൂടിയത്. തനിച്ചായിരുന്നോ അതോ കൊലപാതകത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ശിവഗംഗ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങളില്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍. അതിനിടെ വാര്‍ത്ത ചെയ്യാനായി സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.