സ്വര്‍ണം കൈക്കലാക്കാന്‍ അന്‍പതുകാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വീടിന് സമീപം സംസ്കരിച്ച് ദമ്പതികള്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് അരുംകൊല അരങ്ങേറിയത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുലാമുദ്ദീൻ ഫാറൂഖിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ ഭാര്യ ആബിദ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... അനിതയുടെ ബ്യൂട്ടിപാർലറിന് സമീപം ഡ്രൈ ക്ലീനിങ് കട നടത്തുന്നയാളാണ് ഗുലാമുദ്ദീൻ ഫാറൂഖി. 25 വർഷമായി അനിതയെ ഇയാൾക്ക് അറിയാം. പ്രതി ചൂതാട്ടത്തിന് അടിമയാണെന്നും 12 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. അനിത ആഭരണങ്ങൾ ധരിക്കാറുണ്ടായിരുന്നു, അത് മോഷ്ടിക്കാൻ ഗുലാമുദ്ദീൻ ഭാര്യയുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കി. ഒക്‌ടോബർ 26 ന് അനിതയെ ഇയാള്‍ വീട്ടിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് പ്രതിയും ഭാര്യയും ലഹരി ചേർത്ത പാനീയം അനിതയ്ക്ക് നല്‍കുകയായിരുന്നു. അബോധാവസ്ഥയിലായ അനിതയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവര്‍ന്നശേഷം ഇറച്ചി മുറിക്കുന്ന കത്തി ഉപയോഗിച്ച് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു.
അനിതയെ കാണാനില്ലെന്ന് ഭർത്താവ് മൻമോഹൻ ചൗധരിയാണ് പൊലീസില്‍ പരാതിപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ പരിശോധിച്ച പൊലീസ് അനിതയെ ഗുലാമുദ്ദീന്‍റെ വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറെ കണ്ടെത്തി പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തന്‍റെ ഭര്‍ത്താവ് അനിതയെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് ഗുലാമുദ്ദീൻ ഫാറൂഖിയുടെ ഭാര്യ വെളിപ്പെടുത്തി. തുടര്‍ന്ന് വീടിന് സമീപം കുഴിയെടുത്ത് നടത്തിയ പരിശോധനയില്‍ അനിതയുടെ ശരീരഭാഗങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ ഗുലാമുദ്ദീൻ ഫാറൂഖിയില്ലായിരുന്നു. ഇയാളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അതേസമയം ഗുലാമുദ്ദീന്‍റെ ഭാര്യ ആബിദയെ പൊലീസ് അറസ്റ്റ് ചെയ്തു.