TOPICS COVERED

സാരി വാങ്ങാനെത്തിയപ്പോള്‍ ഭാര്യയുടെ മുന്നില്‍വച്ച് ‘അങ്കിള്‍’ വിളി കേള്‍ക്കേണ്ടി വന്നതിന് കടയുടമയെ തല്ലിച്ചതച്ച് യുവാവും കൂട്ടുകാരും. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. തന്‍റെ തുണിക്കടയില്‍ സാരി വാങ്ങാനെത്തിയ യുവാവും സംഘവും  തല്ലിച്ചതച്ചെന്നാണ് കടയുടമ വിശാല്‍ ശാസ്ത്രിയുടെ പരാതി. 

വസ്ത്രംവാങ്ങാന്‍ കടയിലെത്തിയ  രോഹിത്തും സുഹൃത്തുക്കളും ചേര്‍ന്ന്  ആക്രമിച്ചെന്നാണ് വിശാലിന്‍റെ പരാതിയിലുള്ളത്. ആദ്യം ഭാര്യയ്ക്കൊപ്പം രോഹിത്ത് കടയിലെത്തി. കടയിലെ ഒട്ടുമിക്ക സാരികളും എടുത്തുനോക്കിയെങ്കിലും ഇവര്‍ ഒന്നും എടുത്തില്ല. ഇതോടെ എന്തു വില വരുന്ന സാരിയാണ് നോക്കുന്നതെന്ന് വിശാല്‍ ചോദിച്ചു. ആയിരം രൂപയ്ക്കുള്ളത് മതിയെന്ന് രോഹിത്ത് മറുപടി നല്‍കി. മാത്രമല്ല, ഇതിനേക്കള്‍ വിലയുള്ള സാരി വാങ്ങാന്‍ തനിക്ക് ശേഷിയുണ്ടെന്നും രോഹിത്ത് പറയുകയുണ്ടായി. 

പിന്നാലെ ‘അങ്കിള്‍, നിങ്ങള്‍ക്ക് വേറെ റേഞ്ചിലുള്ള കുറച്ചു സാരികള്‍ കൂടി കാണിച്ചു തരാം’ എന്ന് വിശാല്‍ പറഞ്ഞു. ഇത് കേട്ടയുടനെ തന്നെ അങ്കിള്‍ എന്ന് വിളിക്കരുതെന്ന് രോഹിത്ത് വിശാലിനെ താക്കീത് ചെയ്തു. അത് തര്‍ക്കമായി. ഇതിനു ശേഷം ഭാര്യയുമായി കടയില്‍ നിന്നിറങ്ങിയ രോഹിത്ത് കുറച്ചുനേരത്തിനു ശേഷം കൂട്ടുകാരുമായി ഇവിടേക്ക് മടങ്ങിയെത്തി. 

വിശാലിനെ കടയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് ഇവര്‍ വടിയും ബെല്‍റ്റും തുടങ്ങിയ സാധനങ്ങള്‍ക്കൊണ്ട് പൊതിരെ തല്ലി. പരുക്കേറ്റ വിശാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനു ശേഷം സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതി അന്വേഷിക്കുകയാണെന്നും വിശാലിന്‍റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായും പൊലീസ് പിന്നീട് വ്യക്തമാക്കി.

ENGLISH SUMMARY:

A shopkeeper was beaten by a customer for allegedly addressing him as 'uncle' in front of his wife. The shopkeeper was dragged out of the shop onto the road and thrashed brutally with sticks, belts and also kicked.