വൈക്കം മറവൻതുരുത്തിലെ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നിധീഷിന്റെ മൊഴി രേഖപ്പെടുത്തി. ഭാര്യമാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന് ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതിയായ നിധീഷ് മൊഴി നൽകി. മദ്യലഹരിയിലാണ് നിധീഷ് ഭാര്യ ശിവപ്രിയയെയും ഭാര്യമാതാവ് ശാന്തയെയും കൊലപ്പെടുത്തിയത്.
മാസങ്ങൾക്ക് മുൻപാണ് ശിവപ്രിയ മറവൻതുരുത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. നിധീഷ് ഇടക്കിടെ ഈ വീട്ടിൽ എത്തുകയും ശിവപ്രിയയുടെ നാലു വയസ്സുകാരിയായ മകളെ നേരെ കടവിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ശാന്തയും ശിവപ്രിയയും തന്നെ അവഗണിക്കുന്നതായുള്ള തോന്നൽ നിധിഷിന് ശക്തമായതോടെ ആയിരുന്നു കൊലപാതകം.
ഒരു മാസം മുമ്പ് ശിവ പ്രിയ വൈക്കത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകാൻ തുടങ്ങിയതോടെ തന്നെ പൂർണമായും അവഗണിച്ചു എന്നുമാണ് മൊഴി. സംഭവദിവസം മദ്യപിച്ച് പകൽ മൂന്ന് മണിയോടെയാണ് മറവന്തുരുത്തിലെ വീട്ടിലെത്തി ഭാര്യമാതാവിനെ ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നാലെ നാലു വയസ്സുകാരിയായ മകളെ ബന്ധുവീട്ടിൽ കൊണ്ടുപോയി വിട്ടു.
മദ്യപിച്ചത്തിയ നിധീഷുമായുള്ള തർക്കത്തിനിടെ അമ്മയെ അന്വേഷിച്ച് മുറിയിൽ കയറിയ ശിവപ്രിയയെ കുത്തിയും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. പിടിവലിയിൽ നിധിഷിൻ്റെ കാലിൽ മുറിവ് പറ്റി ചികിൽസയിലാണ്. മഴയായിരുന്നതിനാൽ പരിസരവാസികൾ ആരും പിടിവലിയുടെ ശബ്ദം കേട്ടില്ല.. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന നിധീഷിനെ കോടതിയിൽ ഹാജരാക്കും.