മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വിശദീകരിച്ചപ്പോള്‍ പൊലീസും ഞെട്ടി. താന്‍ കൊലപ്പെടുത്തിയവരെല്ലാം തനിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് പ്രത്യേകിച്ചൊരു കരുതലോ ലക്ഷ്യമോ ഇല്ലമായിരുന്നു, അതിനാല്‍ അവരെ കൊലപ്പെടുത്തി .ഇതായിരുന്നു മാന്‍ഹട്ടണ്‍ പൊലീസിന് പ്രതിനല്‍കിയ വിശദീകരണം.
51കാരനായ റാമണ്‍ റിവേരയാണ് പ്രത്യക്ഷത്തില്‍ ഒരു കാരണവുമില്ലാതെ കണ്ണില്‍ക്കണ്ട മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തിയത്. അസിസ്റ്റന്റ് ജില്ലാ അറ്റോര്‍ണി മേഗന്‍ ജോയ് ആണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ചത്. മൂന്ന് നിഷ്ക്കളങ്കരായ മനുഷ്യരെയാണ് യാതൊരു പ്രകോപനവുമില്ലാതെ പ്രതി കൊലപ്പെടുത്തിയതെന്ന് മേഗന്‍ വ്യക്തമാക്കി. ജാമ്യം നിഷേധിച്ച കോടതി റിവേരയെ ജയിലിലേക്കയച്ചു. കോടതി വിധി കേട്ടിട്ടും യാതൊരു പ്രതികരണവുമില്ലാതെയാണ് റിവേര പൊലീസുകാര്‍ക്കൊപ്പം പോയത്.
രണ്ട് പുരുഷന്‍മാരെയും ഒരു സ്ത്രീയെയും കൊലപ്പെടുത്തിയ ശേഷവും ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ മണിക്കൂറുകളോളം ശാന്തനായി ഉറങ്ങുകയായിരുന്നു. എഴുന്നേറ്റ ശേഷം വളരെ ശാന്തനായി തന്‍റെ കുറ്റം ഏറ്റുപറയുകയും ചെയ്തു. പ്രതിയെ ഹാജരാക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും കോടതിയിലെത്തിയിരുന്നു. തങ്ങള്‍ക്ക് നീതീവേണമെന്നും പ്രതിക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം രണ്ടു കത്തികളുമായി നടക്കുന്ന പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കോടതിയില്‍ ഹാജരാക്കിയ ചില രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.