ലണ്ടനിലെ ബ്രിസ്ബെയ്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്ത്യക്കാരിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്. ഡല്‍ഹി സ്വദേശിയായ ഹര്‍ഷിത ബ്രെല്ലയുടെ മൃതദേഹമാണ് നവംബര്‍ 11ന് കിഴക്കന്‍ ലണ്ടനിലെ ബ്രിസ്|ബെയ്ന്‍ റോഡില്‍ നിന്നും കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കാറിന്‍റെ ഡിക്കിയിലായിരുന്നു മൃതദേഹം. യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു. ഹര്‍ഷിത അമ്മയോട് ദീര്‍ഘനേരം സംസാരിക്കുന്നതും ഇതേത്തുടര്‍ന്ന് കൃത്യസമയത്ത് ഭക്ഷണം തയ്യാറാക്കുന്നില്ലെന്നും ആരോപിച്ച് പങ്കജ് ബഹളമുണ്ടാക്കിയിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
2024 ഏപ്രിലിലാണ് ഹര്‍ഷിത ഭര്‍ത്താവ് പങ്കജ് ലാംബയുമായി ലണ്ടനിലേക്ക് കുടിയേറിയത്. മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഹര്‍ഷിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം ചുരുളഴിഞ്ഞത്. നവംബര്‍ പത്താം തീയതിയാണ് ഹര്‍ഷിത ഒടുവിലായി വീട്ടുകാരോട് ഫോണ്‍ സംഭാഷണം നടത്തിയത്. അത്താഴം കഴിക്കുന്നതിനായി താന്‍ പങ്കജിനെ കാത്തിരിക്കുകയാണെന്നായിരുന്നു അവസാനമായി പറഞ്ഞത്. രണ്ട് ദിവസമായി ഹര്‍ഷിത വിളിക്കാതിരുന്നതോടെ എന്തോ അപകടം സംഭവിച്ചുവെന്ന് വീട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്.
നവംബര്‍ പത്തിന് വൈകുന്നേരത്തോടെ ഭര്‍ത്താവ് പങ്കജ് ഹര്‍ഷിതയെ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പൊലീസ് പറയുന്നത്. തുടര്‍ന്ന് മൃതദേഹം കാറിലാക്കി നോര്‍ത്താപ്ടണ്‍ഷിയറില്‍ നിന്നും 160 കിലോമീറ്ററോളം അകലെയുള്ള ബ്രിസ്ബെയ്ന്‍ റോഡിലെത്തി ഉപേക്ഷിക്കുകയായിരുന്നു.
കൃത്യത്തിന് പിന്നാലെ പങ്കജ് രാജ്യം വിട്ടിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ആളുകളില്‍ നിന്നുള്ള വിവരം ശേഖരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. 60 ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും പൊലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പങ്കജിനെ കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ പങ്കുവച്ച് അന്വേഷണത്തെ സഹായിക്കണമെന്നും പൊലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും ഹര്‍ഷിതയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടെന്നും അയല്‍ക്കാര്‍ പൊലീസിനോട് വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പങ്കജിനെതിരെ ഹര്‍ഷിത ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്‍റെ ചൂടന്‍ സ്വഭാവം തനിക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്ന് മകള്‍ പറഞ്ഞതായും പിതാവ് കണ്ണീരോടെ ഓര്‍ത്തെടുത്തു. ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത വീട് വിട്ടിറങ്ങിയതായിരുന്നുവെന്നും എന്നാല്‍ ഇരുകുടുംബങ്ങളുടെയും അഭ്യര്‍ഥന പ്രകാരം പ്രശ്നങ്ങള്‍ പരിഹരിച്ച് രമ്യമായി പോകാന്‍ തീരുമാനിച്ച് മടങ്ങിയെത്തിയതാണെന്നും ഹര്‍ഷിതയുടെ പിതാവ് വെളിപ്പെടുത്തി.