bullet-salu-stole-gold-and-

TOPICS COVERED

ഷൊർണൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് ഇരുപത്തി രണ്ട് പവൻ സ്വർണവും പതിമൂവായിരം രൂപയും കവർന്ന കേസിൽ വഴിത്തിരിവ്. കവർച്ചയ്ക്കു പിന്നിൽ നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് മായനാട് സാലു എന്ന ബുള്ളറ്റ് സാലുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ കവർച്ച നടന്ന ഷൊർണൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. 

 

സമാനമായ മറ്റൊരു കേസിൽ കോഴിക്കോട്ടു പിടിയിലായ സാലുവിന്റെ കുറ്റസമ്മത മൊഴിയിലാണു ഷൊർണൂരിലെ കവർച്ചയുടെ ചുരുളഴിഞ്ഞത്. പിന്നീട് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങിയ ഇയാളെ അന്വേഷണ സംഘം തെളിവെടുപ്പിനു ഷൊർണൂരിൽ എത്തിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം പാലക്കാട്ടെ ജ്വല്ലറിയിൽ വിറ്റെന്നാണു മൊഴി. പണം വിവിധ ഘട്ടങ്ങളിലായി ചെലവാക്കി. 

കഴിഞ്ഞ മാർച്ച് 9 നു രാവിലെ വീടു പൂട്ടി വാൽപ്പാറയിലേക്കു പോയ ഷൊർണൂർ പാലാട്ട് റോഡിലെ കുടുംബം പിറ്റേന്നു രാവിലെ തിരിച്ചെത്തിയപ്പോഴാണു കവർച്ച നടന്ന വിവരം അറിയുന്നത്. പൊലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു പ്രതി സമാനമായ മറ്റൊരു കേസിൽ പൊലീസിന്റെ പിടിയിലായത്. ഇയാൾ സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ENGLISH SUMMARY:

Bullet Salu stole twenty two pavans of gold and thirteen thousand rupees from a locked house in Shornoor