അമ്പലപ്പുഴയിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം നോക്കുകുത്തി. യാത്രക്കാർ മഴയും വെയിലുമേറ്റ് ബസ് കാത്ത് പെരുവഴിയിൽ. അമ്പലപ്പുഴ കച്ചേരി മുക്കിലെ കെഎസ്ആർടിസി സ്റ്റേഷൻ കെട്ടിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
2013 ൽ കെ.സി.വേണുഗോപാലിന്‍റെ എം.പി ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചിലവിട്ടാണ് അമ്പലപ്പുഴയിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് കെട്ടിടവും യാത്രക്കാർക്ക് വിശ്രമ കേന്ദ്രവും നിർമിച്ചത്. പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം ശുചിമുറികളും ഒരുക്കി. ഉദ്ഘാടനം നടന്ന് ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾത്തന്നെ ഈ കെട്ടിടത്തിന്‍റെ പ്രവർത്തനം നിലച്ചു.
മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയതോടെ യാത്രക്കാർ ഇങ്ങോട്ട് വരാതായി. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കുട്ടികളടക്കമുള്ളവർ യാത്രക്കാർ ജങ്ങ്ഷന് വടക്കു ഭാഗത്തെ കെ.കെ.കുഞ്ചു പിള്ള സ്മാരക സ്കൂളിന് മുന്നിലാണ് ബസ് കാത്തു നിൽക്കുന്നത്. മഴയും വെയിലും കൊള്ളാതിരിക്കാൻ ഇവിടുത്തെ ഒരു ചെറിയ കടയുടെ ടാർപോളിന് താഴെയാണ് യാത്രക്കാർ അഭയം തേടുന്നത്.
ബസ് സ്റ്റേഷൻ കെട്ടിടം വൃത്തിയാക്കിയാൽ യാത്രക്കാർക്ക് വെയിലും മഴയുമേൽക്കാതിരിക്കും. നിലവിൽ സ്റ്റേഷൻ കെട്ടിടം സ്വകാര്യ വ്യക്തികളുടെ ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള കേന്ദ്രമായി മാറി. പ്രയോജനകരമാകുന്ന വിധത്തിൽ കെട്ടിടം തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.