ഡല്‍ഹിയില്‍ ഒഡീഷക്കാരിയായ 34 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. 750 സിസിടിവി ക്യാമറ ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഭിന്നശേഷിക്കാരനായ യാചകനടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം പതിനൊന്നാം തീയതിയാണ് യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ ഡല്‍ഹി സരായ് കലെ ഖാനില്‍ റോഡിന് സമീപം കണ്ടെത്തിയത്. ഒരുനാവികസേന ഉദ്യോഗസ്ഥനാണ് അര്‍ധനഗ്നയായി റോഡില്‍ക്കിടന്ന യുവതിയെ രക്ഷിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയാണ് മൂവരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്. പ്രഭു മാഹ്തോ, പ്രമോദ്, മുഹമ്മദ് ഷംസുല്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ മുഹമ്മദ് ഷംസുല്‍ ഭിന്നശേഷിക്കാരനായ യാചകനാണ്.
750 സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചും 150 ലേറെ ഓട്ടോ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തുമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതി പ്രഭു മാഹ്തോ ഓട്ടോ ഡ്രൈവറാണ്. പ്രമോദ് ആക്രിക്കച്ചവടക്കാരനും. പ്രഭുവാണ് രാത്രി ഒറ്റയ്ക്ക് കണ്ട യുവതിയെ ഓട്ടോയില്‍ക്കയറ്റി കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തുവച്ച് പ്രഭുവും പ്രമോദും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് അവിടെയെത്തിയ യാചകനായ മുഹമ്മദ് ഷംസൂലും ഒപ്പംകൂടി. ബലാല്‍സംഗം ചെയ്തശേഷം മൂവരും ചേര്‍ന്ന് യുവതിയെ വഴിയരികില്‍ ഉപേക്ഷിച്ചു.
ഒഡീഷയിലെ വീടുവിട്ട് ഒരു വർഷത്തോളമായി ഡൽഹിയിൽ പലയിടങ്ങളിലായി താമസിക്കുന്ന യുവതിയാണ് കൂട്ടബലാൽസംഗത്തിന് ഇരയായത്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് യുവതിയുടെ മൊഴിയെടുത്തത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ് യുവതി ഇപ്പോഴും.