അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം നാളെ ഡല്‍ഹിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനവും ഉണ്ടാകും. സമയക്രമം ഔദ്യോഗികമായി അറിയിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രി 9.51ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു മന്‍മോഹന്‍ സിങ്ങിന്‍റെ അന്ത്യം.
മൃതദേഹം മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ എത്തിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ രാത്രി വസതിയില്‍ എത്തി അന്തിമോപചാരമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ സര്‍ക്കാര്‍ ചടങ്ങുകളും ഒഴിവാക്കി. കോണ്‍ഗ്രസും ഏഴുദിവസത്തെ ദുഃഖാചരണം നടത്തും. നാളെ നടത്താനിരുന്ന പാര്‍ട്ടി സ്ഥാപക ദിനാഘോഷം ഉള്‍പ്പെടെ മാറ്റിവച്ചു.