ഇടുക്കി പീരുമേട്ടില്‍ തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവാവ് കൊല ചെയ്യപ്പെട്ടതാണെന്ന് പൊലീസ്. കുട്ടിക്കാനം പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്‍റെ മകൻ ബിബിൻ ബാബുവാണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു പ്രായം. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടത്തില്‍ ബിബിന്‍റെ തലയ്ക്ക് അടിയേറ്റതായി കണ്ടെത്തിയിരുന്നു. തലയ്ക്കു പിന്നിലും മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിവരം. ഇതേതുടർന്ന് ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രദീപ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണനുമായും എസ്.പി. കൂടിക്കാഴ്ച നടത്തി. പിന്നാലെ ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ബന്ധുക്കളടക്കം കുറച്ചുപേര്‍ ചേര്‍ന്ന് ബിബിനെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിലെ ശുചിമുറിയിൽ മുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കൾ പറഞ്ഞിരുന്നത്. ബിബിൻ കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. ദീപാവലി ആഘോഷങ്ങൾക്ക് എത്തിയ ബിബിന്‍ സഹോദരി വിനീതയുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
പിറന്നാള്‍ ആഘോഷത്തിനിടെ ബിബിന്‍ ആക്രമിക്കപ്പെട്ടെന്നാണ് വിവരം. കുടുംബാംഗങ്ങൾക്കു പുറമേ വിനീതയുടെ സുഹൃത്തുക്കളടക്കം ആഘോഷത്തിനെത്തിയിരുന്നു. ഇവിടെവച്ചു വാക്കുതർക്കത്തെ തുടർന്നു ബിബിന് മർദനമേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാഭിക്കു ചവിട്ടേറ്റു വീണ ബിബിനു തലയ്ക്കും അടിയേറ്റു. ഈ സമയം പിതാവും അമ്മാവനും ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. കുഴഞ്ഞുവീണതോടെയാണ് ബിബിനെ ആശുപത്രിയിലെത്തിച്ചത്.