പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കിഴക്കേ അട്ടപ്പള്ളം സ്വദേശി മോഹനന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കുളത്തില്‍ നിന്നും കൃഷിയിടത്തിലേക്ക് വെള്ളം പമ്പ് ചെയ്യാനായി പോവുന്ന സമയത്തായിരുന്നു മോഹനന് ഷോക്കേറ്റത്. പിന്നാലെ അച്ഛനെ അന്വേഷിച്ചെത്തിയ മകനും ഷോക്കേറ്റുവെന്നാണ് പൊലീസ് നിഗമനം. ഹൈടെന്‍ഷന്‍ ലൈനില്‍ നിന്നും വൈദ്യുതി നേരിട്ട് പന്നിക്കെണിയിലേക്ക് എത്തിച്ചുവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പന്നിക്കെണി സ്ഥാപിച്ചവരെ കണ്ടെത്താന്‍ വാളയാര്‍ പൊലീസ് അന്വേഷണം തുടങ്ങി. മോഹനന്റെയും അനിരുദ്ധിന്റെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
മകളുടെ വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ആ പിതാവിന്റെയും കുടുംബത്തിന്റെയും മനസ്സിൽ പ്രതീക്ഷകളും ആധിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം വിള ഒരുക്കത്തിനൊപ്പം മകളുടെ വിവാഹത്തിരക്കിലേക്കു കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായെത്തിയ ദുരന്തം മോഹനന്റെയും മകൻ അനിരുദ്ധിന്റെയും ജീവനെടുത്തത്. കഴിഞ്ഞ ദിവസമാണു വിവാഹ പത്രിക അച്ചടിക്കാൻ ഏൽപിച്ചതെന്നു പറയുന്നു.
പിതാവിന്റെയും മകന്റെയും മരണത്തോടെ കണ്ണീരിലായ അമ്മയും മകളും മാത്രമാണു വീട്ടിൽ ശേഷിക്കുന്നത്. കുടുംബം കഴിഞ്ഞിരുന്നത് ഒറ്റമുറി വീട്ടിലാണ്. കൃഷിയിടം നോക്കിനടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനവും തൊഴിലുറപ്പു ജോലിയിൽ നിന്നുള്ള കൂലിയും മാത്രമായിരുന്നു കുടുംബത്തിന്റെ തുച്ഛമായ വരുമാനം.
പന്നിക്കെണി ഒരുക്കിയതു പ്രദേശവാസികളിൽ ആരെങ്കിലുമായിരിക്കുമെന്ന സംശയത്തിലാണ് അന്വേഷണമെന്നു വാളയാർ പൊലീസ്. ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ജെ.ജെയ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പരിസരത്തെക്കുറിച്ചു വ്യക്തമായ അറിവുള്ളവരാണ് ഇതിനു പിന്നിലെന്നാണു സൂചന. എൽടി ലൈനിൽനിന്നു കമ്പി ഉപയോഗിച്ച് കാഡ കനാലിലൂടെ 150 മീറ്ററോളം ദൂരത്തേക്കു വൈദ്യുതി എത്തിച്ചിട്ടുണ്ട്. മോഹനൻ മരിച്ചു കിടന്നതിനു തൊട്ടടുത്തു കനാലിലെ വെള്ളത്തിൽ ഒരു പാമ്പും ഷോക്കേറ്റു ചത്തു കിടന്നിരുന്നു.