TOPICS COVERED

തൃശൂര്‍ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നാളെ ( വെള്ളി ) ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറയും. 

2022 ഓഗസ്റ്റ് 20നായിരുന്നു കൊലപാതകം. കുടുംബവഴക്കിന്റെ വിരോധത്തില്‍ ഹഷിദയെ വെട്ടിക്കൊന്നു. ഭര്‍ത്താവ് മുഹമ്മദ് ആസിഫ് അസീസായിരുന്നു കൊലയാളി. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് പതിനെട്ടാം ദിവസമായിരുന്നു കൊലപാതകം. തടയാന്‍ ചെന്ന യുവതിയുടെ പിതാവ് നുറൂദ്ദിനേയും വെട്ടിപരുക്കേല്‍പിച്ചിരുന്നു. 

ഭാര്യയോട് സംസാരിക്കാനായി മുറിയില്‍ കയറിയ ഉടനെ ആക്രമിക്കുകയായിരുന്നു. തൃശൂര്‍ എ.സി.പി.: സലീഷ് എന്‍ ശങ്കരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്‍പത്തിയെട്ടു സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ലാ സെഷൻസ് ജഡ്‌ജ് വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 

കൊലപാതകത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെട്ട കൊലയാളിയെ ഏറെ പ്രയത്നിച്ചാണ് പൊലീസ് അന്ന് പിടികൂടിയത്. അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ചിട്ടില്ല.