കുറുവ മോഷണ സംഘത്തെക്കുറിച്ചുള്ള ഭീതി നിലനില്‍ക്കുന്ന ആലപ്പുഴ മണ്ണഞ്ചേരിയിൽ പട്ടാപ്പകൽ വീണ്ടും കവർച്ച. അമ്പനാകുളങ്ങരയിൽ യൂനുസ് നസീറിന്‍റെ വീട്ടിൽ നിന്നുമാണ് 50,000 രൂപ മോഷ്ടിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ആളുകൾ തിങ്ങിപ്പാർക്കുന്നതും അടുത്തടുത്ത് വീടുകളുള്ളതുമായ അമ്പനാകുളങ്ങരയിൽ നട്ടുച്ചയ്ക്കുണ്ടായ കവർച്ച നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ആലപ്പുഴ കാളാത്ത് മൊബൈൽ കട നടത്തുന്ന യൂനുസ് നസീറിന് ചിട്ടിപിടിച്ചും അയൽക്കൂട്ടത്തിൽ നിന്നും കിട്ടിയ തുകയാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. നസീറിന്‍റെ മകൾ മുകൾ നിലയിലെ കുളിമുറിയിലായിരുന്നു. ഭാര്യ അലക്കിയ വസ്ത്രങ്ങൾ വിരിക്കാൻ തൊട്ടടുത്ത പറമ്പിലും. ഈ സമയത്താണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്. മറ്റൊരു അലമാര കുത്തിത്തുറന്നിട്ടുണ്ടെങ്കിലും പണമല്ലാതെ സ്വർണമോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല.

മണ്ണഞ്ചേരിക്ക് അടുത്തുള്ള പ്രദേശത്ത് കുറുവ സംഘം മോഷണം നടത്തിയിരുന്നു. രാത്രികാലങ്ങളിൽ നാട്ടുകാർ ജാഗ്രത സമിതികൾ രൂപീകരിച്ച് പരിശോധന നടത്തിവരുന്നുണ്ട്. പട്ടാപ്പകൽ കവർച്ച നടന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മണ്ണഞ്ചേരി പൊലിസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം മണ്ണഞ്ചേരിയില്‍ സ്ത്രീകളെ പതിവായി ശല്യം ചെയ്തിരുന്ന ഒരു യുവാവിനെ കഴിഞ്ഞ രാത്രി നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ആയുധവും കണ്ടെത്തിയിരുന്നു. ഇയാളുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഇയാളെ പൊലീസ് മാനസികാരോഗ്യ ചികില്‍സാ കേന്ദ്രത്തിലാക്കി.

ENGLISH SUMMARY:

In Alappuzha's Mannancherry, where fears about the Kuruva theft gang persist, another daylight robbery has occurred. ₹50,000 was stolen from the house of Yunus Naseer at Ambanakulangara. Fingerprint experts and the dog squad conducted a detailed investigation at the scene.