ആലപ്പുഴയിലെ മോഷണപരമ്പരയ്ക്ക് പിന്നാലെ എറണാകുളം വടക്കന്‍ പറവൂരിലും കുറുവാ സംഘമെത്തിയതായി സംശയം. പത്തിലധികം വീടുകളില്‍ മോഷണസംഘം കയറിയതിന്റെ തെളിവുകള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം.
പറവൂര്‍ തൂയിത്തറയിലെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണസംഘത്തിന്‍റെ വിവരങ്ങള്‍ ലഭിച്ചത്. മുഖം മറച്ച് അര്‍ധനഗ്നരായെത്തിയ ഇവരുടെ മോഷണരീതിയിലെ പ്രത്യേകത കൊണ്ടാണ് കുറുവാ സംഘമെന്ന സംശയം പൊലീസിനുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ വീടിന്‍റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടക്കാനായിരുന്നു ശ്രമം. ഒച്ചകേട്ട് വീട്ടുകാര്‍ എഴുന്നേറ്റതോടെ മോഷണശ്രമം ഉപേക്ഷിച്ച് സംഘം മടങ്ങി. ഇതിനു മുന്‍പ് സമീപത്തെ നാലുവീടുകളിലും സമാന രീതിയില്‍ മോഷണം നടത്താന്‍ ശ്രമിച്ചിരുന്നു. കരിമ്പാടം, കുമാരമംഗലം പ്രദേശങ്ങളിലെ വീടുകളിലും സംഘം കയറിയതായി തെളിവുകള്‍ ലഭിച്ചു. ആറു വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ മോഷണത്തിനു പിന്നില്‍, കുറുവാ സംഘമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആലപ്പുഴയിലെ കുറുവാ സംഘത്തിന്‍റെ മോഷണരീതി അനുകരിച്ച് മറ്റുമോഷ്ടാക്കള്‍ നടത്തിയ ശ്രമമാകാനും സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കുറുവാ സംഘമെത്തിയെന്ന ആശങ്ക പരന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.